Top

കോട്ടയത്ത് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയെന്ന് മന്ത്രി വി എന്‍ വാസവന്‍

മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും റോഡുകള്‍ എത്രയും വേഗത്തില്‍ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

17 Oct 2021 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയെന്ന്  മന്ത്രി വി എന്‍ വാസവന്‍
X

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കവാലി മേഖലയില്‍ നിന്നു കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി എന്‍ വാസവന്‍. കാഞ്ഞിരപ്പള്ളി താലൂക്കിലെ 13 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ(65), മാര്‍ട്ടിന്‍(48), സിനി മാര്‍ട്ടിന്‍(45), സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10), ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസലി(50), ഇളംകാട് മുണ്ടകശേരി റോഷ്ണി വേണു(48) ഇളംകാട് ആറ്റുചാലില്‍ സോണിയ ജോബി (45), അലന്‍ ജോബി(14), കൂവപ്പള്ളി സ്രാമ്പിക്കല്‍ രാജമ്മ(64), ഇളംകാട് ഓലിക്കല്‍ ഷാലറ്റ്(29) ഇളംകാട് പന്തലാട്ട് സരസമ്മ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇവരുടെ ശവസംസ്‌ക്കാരചടങ്ങുകള്‍ക്കായി 10000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും റോഡുകള്‍ എത്രയും വേഗത്തില്‍ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. 48 കൂടുംബങ്ങളിലെ 148 പേരാണ് ഇവിടെയുള്ളത്. ഏന്തയാറിലെ ജെ ജെ മര്‍ഫി സ്‌കൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ രണ്ടു ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ നിരീക്ഷണം. പക്ഷേ ഇന്ന് രാത്രി വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് അടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞു. നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ കക്കി, ഷോളയാര്‍ ഉള്‍പ്പടെ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി. സംസ്ഥാനത്ത് ഇതുവരെ 122 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 2343 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെ എസ് ഇ ബി യോഗം ചേര്‍ന്നു. അതേസമയം കിഴക്കന്‍ കാറ്റ് സജീവമായ സാഹചര്യത്തില്‍ ബുധനാഴ്ച്ചയോടെ വീണ്ടും മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story