Top

'ആര്‍ബിഐ ആരുടെയും ചട്ടുകമാകരുത്'; സഹകരണം സംസ്ഥാന വിഷയമാണെന്ന് മന്ത്രി വി എന്‍ വാസവന്‍

നിലപാട് പുനഃപരിശോധിക്കാന്‍ ആര്‍ബിഐ തയ്യാറാകണമെന്നും മന്ത്രി വി എന്‍ വാസവന്‍ ആവശ്യപ്പെട്ടു.

22 Dec 2021 3:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍ബിഐ ആരുടെയും ചട്ടുകമാകരുത്; സഹകരണം സംസ്ഥാന വിഷയമാണെന്ന് മന്ത്രി വി എന്‍ വാസവന്‍
X

സഹകരണ മേഖലക്കെതിരായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി വി എന്‍ വാസവന്‍. ആര്‍ബിഐ ഉത്തരവ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. ആര്‍ബിഐ ആരുടെയും ചട്ടുകമാകരുതെന്നും മന്ത്രി പറഞ്ഞു.

സര്‍വീസ് കോ ഓപറേറ്റീവ് ബാങ്കുകളെ ബാങ്ക് എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സഹകരണം സംസ്ഥാന വിഷയമാണ്. ഇക്കാര്യം സുപ്രീംകോടതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. വിഷയത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒരേ നിലപാടാണ് ഉള്ളത്. നിലപാട് പുനഃപരിശോധിക്കാന്‍ ആര്‍ബിഐ തയ്യാറാകണമെന്നും മന്ത്രി വി എന്‍ വാസവന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്കുകള്‍ 'ബാങ്ക്, ബാങ്കര്‍, ബാങ്കിങ്' എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, ചെക്കുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുത്, കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമിലുള്ള നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കില്ല തുടങ്ങിയ കാര്യങ്ങളാണ് ആര്‍ബിഐ പരസ്യപ്പെടുത്തിയ നോട്ടീസില്‍ പറയുന്നത്. അതസമയം കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിന്ന് ഒരു രൂപ പോലും നിക്ഷേപകന് ആര്‍.ബി.ഐ നല്‍കിയിട്ടില്ല. സഹായം ചെയ്യാത്ത ആര്‍.ബി.ഐ ഇക്കാര്യം എടുത്ത് പറയുന്നത് എന്തിനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ബിഐ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ സഹകരണ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്ന ആശങ്കയും മന്ത്രി വി എന്‍ വാസവന്‍ മുന്നോട്ടുവെച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കമാണിതെന്നും മന്ത്രി ആരോപിക്കുന്നുണ്ട്. കേരളത്തിലെ സഹകരണ മേഖല സേവനത്തിന് മുന്‍തൂക്കം നല്‍കുന്നതാണ്. ഗ്രാമീണമേഖലയിലെ വികസനത്തിന് സഹകരണ സ്ഥാപനങ്ങള്‍ നിര്‍ണായകമാണെന്നും കേരളത്തിന്റെ വിലയിരുത്തല്‍.

Next Story