Top

'താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നത്'; ഇനിയൊരു വിമോചന സമരത്തിന് കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് വിഎന്‍ വാസവന്‍

സമരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

22 March 2022 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നത്; ഇനിയൊരു വിമോചന സമരത്തിന് കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് വിഎന്‍ വാസവന്‍
X

ആലപ്പുഴ: സില്‍വര്‍ ലൈനിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മന്ത്രി വിഎന്‍ വാസവന്‍. ഇനിയൊരു വിമോചന സമരത്തിന് കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് മന്ത്രി വിമർശിച്ചു. പ്രശ്‌നം ഉണ്ടാക്കുന്നത് പദ്ധതി ബാധിക്കുന്നവര്‍ അല്ല. സമരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ സര്‍വേ നടത്തിപ്പിനെ രാഷ്ട്രീയമായി കണ്ട് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കാന്‍ നാടകം കളിക്കുകയാണ് കോണ്‍ഗ്രസ്.ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസിന്‍റെ നാടകം ഒഴിച്ചു നിര്‍ത്തിയാല്‍ ആരും ആരെയും ദ്രോഹിച്ചിട്ടില്ല. പൊലീസ് അതിക്രമം കാണിച്ചിട്ടില്ല. യുഡിഎഫ് കുട്ടികളെ വരെ ഉപയോഗിച്ച് പ്ലാന്‍ ചെയ്യുന്ന ഒരു ഓപ്പറേഷനാണിതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഗെയില്‍ പൈപ്പ് വന്നപ്പോഴും പലരും ഇതിനേക്കാളപ്പുറം പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൃത്യമായ നഷ്ടപരിഹാരം നല്‍കിയപ്പോള്‍ ജനങ്ങള്‍ കൂടെ നിന്നു. അതു പോലെ തന്നെയാണ് കെ റെയില്‍ വാസവന്‍ അറിയിച്ചു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രാധാന്യവും അതിന്റെ ഉള്ളടക്കവും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാകുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. പ്രതിഷേധം ശക്തമായ ചങ്ങാനശേരിയിലെ മാടപ്പള്ളിയില്‍ യോഗം വിളിച്ചു ചേര്‍ക്കും. കെ റെയിലുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് വെെകുന്നേരം ചെങ്ങന്നൂരില്‍ നടക്കും.

നാടിന്‍റെ വികസനത്തില്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായ കെ റെയില്‍ പദ്ധതി നാടിന് ഏറ്റവും അനിവാര്യമായ വികസനമുന്നേറ്റമാണ്. ഇതിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. പഴയതു പോലെ ഇനിയൊരു വിമോചന സമരത്തിന് കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്നും താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നതെന്നും വാസവന്‍ പറഞ്ഞു.

STORY HIGHLIGHTS: vn vasavan slams congress protest over k rail

Next Story