Top

ആഗസ്ത് 30നുള്ളില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പലിശ സഹിതം പണം തിരിച്ചു നല്‍കും; സഹകരണ മന്ത്രി വിഎന്‍ വാസവന്‍

1 Aug 2022 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഗസ്ത് 30നുള്ളില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പലിശ സഹിതം പണം തിരിച്ചു നല്‍കും; സഹകരണ മന്ത്രി വിഎന്‍ വാസവന്‍
X

തിരുവനന്തപുരം: ആഗസ്ത് 30നുള്ളില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പലിശ സഹിതം പണം തിരിച്ചു നല്‍കുമെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപം അവിടെ തന്നെ നിലനിര്‍ത്താന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്ക് അവിടെ തന്നെ നിക്ഷേപം നടത്താം. അല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും പലിശ അടക്കമുള്ള നിക്ഷേപം ആഗസ്ത് മുപ്പതിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്നും സഹകരണ മന്ത്രി പറഞ്ഞു.

കരുവന്നുര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞിരുന്നു. നടപടിയെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടില്ല. ഭരണസമിതിയിലെ എല്ലാവരും നേരിട്ട് തട്ടിപ്പില്‍ പങ്കെടുത്തവരായിരുന്നില്ല. എന്നാല്‍ അവരുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായെന്നും വര്‍?ഗീസ് പറഞ്ഞു. മുഴുവന്‍ ഭരണ സമിതി അംഗങ്ങള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു എന്ന പ്രചരണം തെറ്റാണെന്നും എം എം വര്‍ഗീസ് വ്യക്തമാക്കി.

'യഥാര്‍ത്ഥത്തില്‍ സഹകരണ മേഖലയെ തകര്‍ക്കലാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യം. തട്ടിപ്പ് തന്നെയാണ്കരുവന്നൂരില്‍ നടന്നത്. അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള കര്‍ശനമായ നടപടിയാണ് സ്വീകരിച്ചത്. അഴിമതിയെ പ്രോത്സാഹിപ്പിക്കല്ല പാര്‍ട്ടി ചെയ്തത്. സര്‍ക്കാരും അത് തന്നെയാണ് ചെയ്തത്. ഒറ്റപ്പട്ട സംഭവങ്ങളെ പെരുപ്പിച്ച് സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ നോക്കുന്നു.' എം എം വര്‍ഗീസ് പറഞ്ഞു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ അപാകം തിരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

Story Highlights: minister vn vasavan about karuvannur bank

Next Story