വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി
31 Jan 2022 2:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായിയെന്ന് മന്ത്രി വിഎന്‍ വാസവന് മാധ്യമങ്ങളോട് പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതര അവസ്ഥയിലാണ്. വാവ സുരേഷ് അബോധാവസ്ഥയിലാണ്. അപകടനില തരണം ചെയ്തെന്ന് പറയാനാവില്ല. രക്ഷപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. അഞ്ച് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണം. ശേഷമേ തലച്ചോറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പറയാനാകൂയെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയിലായിരുന്നു സംഭവം. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിക്കുകയായിരുന്നു.
നേരത്തെ പല തവണ വാവ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. 2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ നിന്നും അണലിയെ പിടി കൂടവെ കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.