Top

'എല്ലാ ആശുപത്രി ജീവനക്കാരും ഐഡി കാര്‍ഡുകള്‍ ധരിക്കണം'; ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

'മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം'

7 Jan 2022 1:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ ആശുപത്രി ജീവനക്കാരും ഐഡി കാര്‍ഡുകള്‍ ധരിക്കണം; ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്
X

കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തി അമ്മയേയും കുഞ്ഞിനേയും സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ നടന്ന സംഭവത്തെപ്പറ്റി അമ്മയോടും കുഞ്ഞിന്റെ അച്ഛനുമായും നേരിട്ടന്വേഷിച്ചു. മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തിയെന്നും മന്ത്രി അറിയിച്ചു.

''സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തും. ആശുപത്രികളിലെ സുരക്ഷ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതാണ്. ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം.''-മന്ത്രി അധികൃതരോട് നിര്‍ദേശിച്ചു.

ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്. ഇതോടൊപ്പം നാട്ടുകാരുടെ സഹകരണവുമുണ്ടായി. എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


Next Story