'ഒമിക്രോണ്‍ സാമൂഹ്യവ്യാപനത്തിന് സാധ്യത'; ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം
ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി
19 Jan 2022 9:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് കൊവിഡ് 19 വകഭേദമായ ഒമിക്രോണിന്റെ സാമൂഹ്യവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം. സംസ്ഥാനത്ത് കൂടുതലും ഒമിക്രോണ്‍ രോഗികളാണ്. രണ്ടാം തരംഗത്തേക്കാള്‍ രോഗികള്‍ അഞ്ചു ശതമാനം കൂടുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.
''സംസ്ഥാനത്തെ രോഗബാധ അതിതീവ്ര ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കരുതലോടെ നേരിടേണ്ട അവസ്ഥയാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഡല്‍റ്റയ്ക്ക് ഒപ്പം ഒമിക്രോണും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ നിസാര വൈറസ് ആണെന്ന് തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. ഒമിക്രോണിനെ നിസാരമായി കാണരുത്. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപനമാണ് ഒമിക്രോണിന് ഉണ്ടാകുന്നത്. ഡെല്‍റ്റയില്‍ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ ഈ അവസ്ഥയുണ്ടാവുന്നില്ല.''- മന്ത്രി പറഞ്ഞു.
ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും കണക്കുകള്‍ നിരത്തി വീണാ ജോര്‍ജ് അറിയിച്ചു.
''രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രി, ഐസിയു രോഗികള്‍ വര്‍ധിക്കുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ഉള്‍പ്പെടെ കുറഞ്ഞ ആളുകള്‍ മാത്രം എത്താന്‍ ശ്രദ്ധിക്കണം. അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇതോടൊപ്പം സ്ഥാപനങ്ങള്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങളാകുന്ന സാഹചര്യം ഒഴിവാക്കണം.'' പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാവരും വാക്സിന് സ്വീകരിക്കണം. വാക്സിനേഷന് എതിരായ വാര്‍ത്തകള്‍ ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജാഗ്രത പാലിക്കുക, സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം
എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്കോ, ഡബിള്‍ മാസ്കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണ്.
ഒമിക്രോണ്‍ അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം.
കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വാക്സിനെടുക്കാനുള്ളവര്‍ എല്ലാവരും എത്രയും വേഗം വാക്സിന് എടുക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. നമ്മുടെ ആരോഗ്യ സംവിധാനത്തിനപ്പുറത്തേക്ക് കോവിഡ് കേസുകള്‍ പോകാതിരിക്കാന്‍ എല്ലാവരും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ഒരിക്കല്‍ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്സിന് എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്.