Top

ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി

1 May 2022 2:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വീണാ ജോർജ്
X

തിരുവനന്തപുരം: കാസർഗോഡ് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരണമടയുകയും നിരവധിപേർക്ക് അസുഖം ബാധിച്ചതുമായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു.ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ കരിവെള്ളൂർ സ്വദേശി ദേവനന്ദ(16)ആണ് ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചത്. കാസർഗോഡ് ചെറുവത്തൂറിലെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്നും ഷവർമ കഴിച്ചാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാഞ്ഞങ്ങാട് ട്യൂഷൻ സെന്ററിന് അടുത്തുളള കടയിൽ നിന്നുമാണ് വിദ്യാർത്ഥികൾ ഷവർമ കഴിച്ചത്. 29നാണ് കുട്ടികൾ ഷവർമ കഴിച്ചത്. പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ 31 വിദ്യാർത്ഥികൾ ചികിത്സയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂൾബാറിന് ലൈസൻസില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതർ പൂട്ടി സീൽ ചെയ്തു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

Story highlights: Minister Veena George directs Kasaragod food poisoning probe

Next Story