Top

'ഞാനും ഒരമ്മയാണ്; കുഞ്ഞിനെ തിരികെ ലഭിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും'; അനുപമയെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

അനുപമ എസ് ചന്ദ്രനെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

23 Oct 2021 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാനും ഒരമ്മയാണ്; കുഞ്ഞിനെ തിരികെ ലഭിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും; അനുപമയെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്
X

തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാനായി നിരാഹാര സമരത്തിനൊരുങ്ങിയ അനുപമ എസ് ചന്ദ്രനെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. താനും ഒരമ്മയാണ്. കാര്യങ്ങള്‍ തനിക്ക് മനസിലാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്നാണ് അനുപമ പറഞ്ഞത്. വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതിനിടെയാണ് കുഞ്ഞിനുവേണ്ടി അനുപമ സമരത്തിലേക്ക് നീങ്ങിയത്.

പ്രസവിച്ച് മൂന്നാം നാള്‍ അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.

നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നു.


Next Story