'വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് കലോത്സവത്തോട് താല്പര്യമില്ലാത്തവര്'; അവസാനിപ്പിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി
''പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മികച്ച പിന്തുണയാണ് ലഭിച്ചത്.''
24 Jan 2023 12:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്കരണത്തിനായി ചുമതലപ്പെടുത്തുന്ന കമ്മിറ്റി എല്ലാ കാര്യങ്ങളും പരിശോധിക്കും. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ ശോഭ കെടുത്തരുത്. കലോത്സവത്തോടോ പൊതുവിദ്യാഭ്യാസ മേഖലയോടോ താല്പര്യമില്ലാത്തവരാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എറണാംകുളം ഏഴിക്കര ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
''കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മികച്ച പിന്തുണയാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പൊതുവിദ്യാലയങ്ങള്‍ നവീകരിക്കപ്പെട്ടു. ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് സാധാരണക്കാരന്റെ മക്കള്‍ക്കാണ്. ചോര്‍ന്ന് ഒലിക്കുന്ന മേല്‍ക്കൂരയും തകരാന്‍ വെമ്പുന്ന ചുമരുകളുമുള്ള സ്കൂളുകള്‍ നമ്മുടെ കണ്മുന്നിലുണ്ടായിരുന്നു. ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്ന വാഗ്ദാനവുമായാണ് 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.''
''കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് മൂവായിരം കോടിയില്‍ അധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുമായി നടന്നു. അത് ഇനിയും തുടരും. ഇതിന്റെ ഫലം അക്കാദമിക തലത്തിലും ഉണ്ടായി.'' വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പ്രകീര്‍ത്തിച്ച കാര്യവും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
- TAGS:
- V Sivankutty
- Kerala