Top

പൊലീസ് ജീപ്പില്‍ നിന്ന് ചാടി യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി

വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും.

20 March 2022 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസ് ജീപ്പില്‍ നിന്ന് ചാടി യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി
X

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം പൂന്തുറയിലാണ് പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫര്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച സനോഫര്‍ മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യ തസ്ലീമ പൊലീസില്‍ പരാതിപ്പെട്ടു. ഭാര്യക്കൊപ്പം സ്റ്റേഷനിലെത്തിയ സനോഫറിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടത്തിനെ തുടര്‍ന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

ഇതിന് ശേഷം പ്രശ്‌നപരിഹാരത്തിനായി പൊലീസ് വീട്ടില്‍ എത്തിച്ചെങ്കിലും സനോഫറിനെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതോടെ സനോഫറിനെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് നാല് ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സനോഫര്‍.

അതേസമയം, പൊലീസ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് സനോഫര്‍ ജീപ്പില്‍ നിന്ന് ചാടിയത് എന്നാരോപിച്ച് ബന്ധുക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.


Next Story