Top

'നാടിനെ നൂറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോകുന്നതിനെതിരെ ജാഗ്രത വേണം'; വിഷുദിന സന്ദേശത്തില്‍ സുരേഷ് ഗോപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി

''വിഷുവിന്റെ പേരില്‍ പോലും വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മതേതരത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണം.''

14 April 2022 1:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാടിനെ നൂറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോകുന്നതിനെതിരെ ജാഗ്രത വേണം; വിഷുദിന സന്ദേശത്തില്‍ സുരേഷ് ഗോപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി
X

വിഷുദിനാശംസയില്‍ 'സുരേഷ് ഗോപിയുടെ കാലു പിടിക്കല്‍' നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണമെന്ന് ശിവന്‍കുട്ടി തന്റെ ആശംസസന്ദേശത്തില്‍ വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകള്‍: 'ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍. കൊവിഡ് മഹാമാരിയുടെ കനത്ത പ്രതിസന്ധിയുടെ നാളുകള്‍ പിന്നിട്ട് നാം പുതിയ നാളെയിലേക്ക് ചുവടു വെക്കുകയാണ്. വിഷുവിന്റെ പേരില്‍ പോലും വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മതേതരത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണം. കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണം.'

കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുകൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ കാല് പിടിക്കലിനെ ന്യായീകരിച്ച് കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ''നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കാന്‍ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് വിതരണം ചെയ്തു. കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ ചിലപ്പോള്‍ കൊച്ചുകുട്ടികള്‍ വന്ദിക്കും, അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ മനോനില തെറ്റിയവരാണ്. നമ്മള്‍ പാശ്ചാത്യ രാജ്യം ഒന്നും അല്ലല്ലോ.'' സുരേന്ദ്രന്‍ പറഞ്ഞു.

Next Story