Top

'41ല്‍ നിന്ന് 41ലേക്ക് ഒരു കുതിപ്പ്'; പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

ഇത്രയും ക്രൂരമായ ദുഷ്പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളില്‍ കണ്ടിട്ടില്ലെന്നും മന്ത്രി.

3 Jun 2022 1:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

41ല്‍ നിന്ന് 41ലേക്ക് ഒരു കുതിപ്പ്; പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
X

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. '41ല്‍ നിന്ന് 41ലേക്ക് ഒരു കുതിപ്പായിരുന്നു...' എന്നാണ് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.


ഡോ. ജോ ജോസഫ് താങ്കള്‍ തല ഉയര്‍ത്തിത്തന്നെയാണ് പോരാട്ട രംഗത്ത് നിന്ന് മടങ്ങുന്നതെന്നും നേരത്തെ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

''ഇത്രയും ക്രൂരമായ ദുഷ്പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളില്‍ കണ്ടിട്ടില്ല. ഡോ. ജോ ജോസഫും പത്‌നി ഡോ. ദയ പാസ്‌കലും അഭിനന്ദനം അര്‍ഹിക്കുന്നു. സമചിത്തതയോടെ തെരഞ്ഞെടുപ്പ് നേരിട്ടതിന്. പ്രതികരണത്തില്‍ മാന്യത പുലര്‍ത്തിയതിന്.''-മന്ത്രി പറഞ്ഞു.

വലിയ പരാജയം തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് ഇന്ന് ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടത്. ഉപതെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായി. ഒരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും എല്‍.ഡി.എഫ് ഓരോ കാതം പിന്നില്‍ പോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെട്ടത്. മുമ്പുണ്ടായിരുന്ന രാഷ്ട്രീയചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഇത്രയും ദിവസം ക്യാമ്പ് ചെയ്ത് തൃക്കാക്കരയില്‍ പ്രചാരണം നയിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

എല്‍ഡിഎഫിന് സംഭവിച്ച പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് സെബാസ്റ്റ്യന്‍ പോള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ധാരാളം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍. ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനെ അവതരിപ്പിച്ച രീതി ശരിയായില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മുഖ്യമന്ത്രി നേതൃത്വം നല്‍കിയ പ്രചരണപരിപാടികളിലും ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ എത്തിയപ്പോള്‍ പ്രാദേശികനേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കാതെ വന്നു. പ്രാദേശികപ്രവര്‍ത്തകര്‍ക്കാണ് വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് സ്വന്തമാക്കാന്‍ സാധിക്കുന്നതെന്ന് സെബാസ്റ്റിയന്‍ പോള്‍ ചൂണ്ടിക്കാണിച്ചു.

സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്: ''എല്‍ഡിഎഫിന് ധാരാളം പാളിച്ചകള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം, അതിലുപരി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച രീതി മുതല്‍ ഇങ്ങോട്ട് ഒരുപാട് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നേതൃത്വം നല്‍കിയ പ്രചരണപരിപാടികളില്‍ വന്‍തോതില്‍ നടക്കുന്നെന്ന് പറയുമ്പോഴും അവിടെയും ചില പോരായ്മകളുണ്ട്. പ്രാദേശിക പ്രവര്‍ത്തകരെ തള്ളി മാറ്റി അവര്‍ക്ക് പ്രാധാന്യം നല്‍കാതെ എവിടെ നിന്നൊക്കെയോ വന്നവര്‍ മണ്ഡലം കയ്യടക്കിയ അവസ്ഥ വിശദമായി പഠിക്കേണ്ടതാണ്.''

''സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകത ആരോപിക്കാന്‍ തയ്യാറല്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കേണ്ട രീതി അതായിരുന്നില്ല. ഞാന്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 97ല്‍ എന്നെ ലെനിന്‍ സെന്റിലേക്ക് വിളിച്ചുവരുത്തി. അവിടെയാണ് എംഎം ലോറന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്നെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിച്ചത്. പാര്‍ട്ടിക്ക് അറിയാം എങ്ങനെയാണ് ചെയ്യേണ്ടതെന്ന്. പാര്‍ട്ടി ആസ്ഥാനമുണ്ട്. സൗകര്യങ്ങളുണ്ട്. പക്ഷെ അവിടെ എന്തെക്കെയോ ചില കാര്യങ്ങള്‍, അങ്ങനെയൊക്കെ ചിലപ്പോള്‍ സംഭവിക്കുമല്ലോ. അതുകൊണ്ടാണ് പാളിച്ച എന്ന വാക്ക് തന്നെ ഉപയോഗിച്ചത്. സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച രീതിയെ കുറിച്ച് എനിക്ക് ചെറിയ ആക്ഷേപങ്ങളുണ്ട്.''

''മുഖ്യമന്ത്രി, 20 മന്ത്രിമാര്‍, 60 എംഎല്‍എമാര്‍, മറ്റ് അറിയപ്പെടുന്ന നേതാക്കള്‍ അടക്കമുള്ളവര്‍ തൃക്കാക്കരയില്‍ വന്ന് നടത്തിയത് അധിനിവേശമായിരുന്നു. ആ അധിനിവേശത്തില്‍ പ്രാദേശികപ്രവര്‍ത്തകര്‍ പുറത്താക്കപ്പെട്ടു. ഇവിടെയാണ് പ്രശ്‌നം സംഭവിച്ചത്. നല്ല രീതിയിലാണ് ഈ ഓപ്പറേഷന്‍ സംഘടിപ്പിച്ചതെങ്കിലും, തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണല്ലോ പ്രധാനപ്പെട്ടയാള്‍. ഇവരെ അറിയാവുന്ന പ്രാദേശികപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്.''

''വാര്‍ റൂമില്‍ തന്ത്രങ്ങള്‍ മെനയാന്‍ പരിചയസമ്പന്നര്‍ വേണം. അവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും വരാം. പക്ഷെ ആവിഷ്‌കരിക്കപ്പെടുന്ന തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആ സന്ദേശം എത്തിക്കുന്നതിന് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വോട്ട് സ്വന്തമാക്കാന്‍ സാധിക്കുന്നത് പ്രാദേശികപ്രവര്‍ത്തകര്‍ക്കാണ്. ഇവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സാക്ഷാല്‍ യുദ്ധമാണെങ്കിലും തന്ത്രങ്ങളില്‍ പിഴവ് വരും. പിഴവ് വലിയ രീതിയിലുള്ള പരാജയത്തില്‍ കലാശിക്കുകയും ചെയ്യും.''

''പണ്ടത്തെ പ്രചരണസമയങ്ങളില്‍ പുറത്തുനിന്ന് നേതാക്കള്‍ വരുമ്പോഴും ലെനിന്‍ സെന്ററിനും ജില്ലാ സെക്രട്ടറിക്കും മറ്റ് പ്രാദേശികനേതാക്കള്‍ക്കും പ്രാധാന്യമുണ്ടായിരുന്നു. തൃക്കാക്കരയിലെ നേതാക്കളുടെ തിരക്ക് ആവശ്യമില്ലായിരുന്നു. പരാജയം എങ്ങനെ സംഭവിച്ചെന്ന പരിശോധന പാര്‍ട്ടി നടത്തും. അത് പാര്‍ട്ടി രീതിയാണ്. പരാജയത്തിനൊപ്പം വിജയത്തിനൊപ്പം അതിന്റെ കാരണങ്ങളും പരിശോധിക്കപ്പെടണം.''

Next Story