'ശക്തനായി വന്ന് തോറ്റതിന്റെ വിഷമം'; കെ മുരളീധരന് മേയര്‍ ആര്യയോട് അസൂയയെന്ന് മന്ത്രി ശിവന്‍കുട്ടി
30 Dec 2021 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി. കെ മുരളീധരന്റെ മേയര്‍ക്കെതിരെ പരാമര്‍ശം: പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണെന്നാണ് മന്ത്രി പരിഹസിച്ചു. ശക്തനായി വന്ന് ശക്തനായി തോറ്റത്തിന്റെ വിഷമമാണ് മുരളീധരന് എന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് തന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരിഹാസം. മേയറുടെ നടപടി വിവരമില്ലാത്തതുകൊണ്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ചട്ടങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സിപിഐമ്മില്‍ ബുദ്ധിയുള്ള ആരുമില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചിരുന്നു.
'ആദ്യം തന്നെ തിരുവനന്തപുരത്തെ ഒരു മേയറുണ്ട്. അവരെ വിമര്‍ശിച്ചതിനാണ് എന്റെ പേരില്‍ കേസ് എടുത്തത്. പക്ഷെ ഇപ്പോ അതിന് വിവരമില്ല എന്ന് കാര്യം മനസ്സിലായി. ആരെങ്കിലും ചെയ്യോ.... രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഹോണടിച്ചിട്ട് ഇടിച്ചു കയറ്റുകയാണ്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയാല്‍ സ്പോട്ടില്‍ വെടിവെക്കുക എന്നതാണ് നയം. കീ... എന്ന് പറഞ്ഞ് ഹോണടിച്ചങ്ങ് കയറ്റുകയാണ്. അതിന് പകരം ഠേ എന്നായിരിക്കും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഐഎമ്മിലില്ലേ,' കെ മുരളീധരന്‍ ചോദിച്ചു.
നേരത്തെയും ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോണ്‍ഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ വാക്കുകള്‍. 'കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ... പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും.ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.' എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.