Top

'ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ല'; അദാലത്തിന് നാളെ തുടക്കമെന്ന് മന്ത്രി ശിവന്‍കുട്ടി

ഫയലുകളില്‍ അതിവേഗ തീരുമാനം കൈക്കൊള്ളാനാണ് ഫയല്‍ അദാലത്ത്.

8 May 2022 3:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ല; അദാലത്തിന് നാളെ തുടക്കമെന്ന് മന്ത്രി ശിവന്‍കുട്ടി
X

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയമെന്നും മന്ത്രി വ്യക്തമാക്കി.

ഫയലുകള്‍ കടലാസുകെട്ടുകളല്ല മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസവകുപ്പിലെ ഫയല്‍ അദാലത്തിന് നാളെ തുടക്കമാകുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വകുപ്പിലെ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസു മുതല്‍ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളില്‍ നിരവധി ഫയലുകള്‍ ഇനിയും തീരുമാനമാകാതെ നിലവിലുള്ളതായാണ് വിലയിരുത്തല്‍.

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെന്ന നിലയില്‍ ഇത്തരം ഫയലുകളില്‍ അതിവേഗ തീരുമാനം കൈക്കൊള്ളാനാണ് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും പൊതുജനങ്ങളുടെയും നിരവധി പ്രശ്‌നങ്ങള്‍ അദാലത്തിലൂടെ പരിഹരിക്കപ്പെടുമെന്നും വകുപ്പ് അറിയിച്ചു.

Next Story