Top

'ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം ഉറപ്പുവരുത്തും'; മന്ത്രി ശിവന്‍കുട്ടിയുടെ ഇടപെടല്‍, കണക്കെടുപ്പ് പുരോഗമിക്കുന്നു

ബി. ആര്‍. സിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോയ കുട്ടികളെ കണ്ടെത്താനും നടപടിയുണ്ടാകും

8 Jan 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം ഉറപ്പുവരുത്തും; മന്ത്രി ശിവന്‍കുട്ടിയുടെ ഇടപെടല്‍, കണക്കെടുപ്പ് പുരോഗമിക്കുന്നു
X

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം ഉറപ്പുവരുത്താന്‍ കൂടുതല്‍ നടപടികള്‍ക്കായി മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് വ്യാപനം മൂലം 2020 മാര്‍ച്ച് 10ന് സ്‌കൂളുകള്‍ അടച്ചതിനുശേഷം 2021 നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്തണമെന്ന നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ പല കുട്ടികളും നേരിട്ട് സ്‌കൂളില്‍ എത്താതെ ഓണ്‍ലൈന്‍ പഠനത്തിലൂടെ അധ്യയന പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്.

സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളിലായി ആറ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മൂന്നെണ്ണം നവംബര്‍ മാസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ബാക്കിയുള്ളവ ഈ മാസം തന്നെ തുറന്നു പ്രവര്‍ത്തിക്കും. ഇടുക്കി ജില്ലയിലെ മറയൂര്‍, അടിമാലി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എന്നീ സ്ഥലങ്ങളിലായി വനാന്തര്‍ ഭാഗത്തുള്ള ഗോത്ര വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

റെഗുലര്‍ ക്ലാസില്‍ ഹാജരാകാത്തവരും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാത്തവരുമായ കുട്ടികളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇതുവരെ സ്‌കൂളില്‍ ഹാജരാകാതിരുന്ന കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിന് ട്രെയിനര്‍മാര്‍, സി.ആര്‍. സി. സി.മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ക്ലാസ് ടീച്ചറുമായി സംസാരിച്ച് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 2020 - 21 ലെ സര്‍വേയിലൂടെ കണ്ടെത്തിയ ഔട്ട് ഓഫ് സ്‌കൂള്‍ കുട്ടികളെ എല്ലാം ഈ വര്‍ഷം വിദ്യാലയത്തില്‍ വയസിന് അനുസൃതമായി ക്ലാസുകളില്‍ ചേര്‍ത്തിട്ടുണ്ട്. 2021- 22 ലെ ഔട്ട് ഓഫ് സ്‌കൂളായി കണ്ടെത്തുന്ന കുട്ടികളെ സ്‌പെഷ്യല്‍ ട്രെയിനിങ്ങിലൂടെ സ്‌കൂളില്‍ എത്തിക്കുന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഗതാഗതസൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍നിന്ന് ദിവസേന വിദ്യാലയങ്ങളില്‍ വന്നു പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൗകര്യം നല്‍കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് 9080 കുട്ടികള്‍ക്കാണ് ഈ വര്‍ഷത്തില്‍ സൗകര്യം ലഭിക്കുന്നത്.

കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്താന്‍ തീരുമാനിച്ചു. ബി.ആര്‍.സി. തല മീറ്റിംഗ് കൂടുകയും അതത് ബി. ആര്‍. സി.യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോയ കുട്ടികളെ കണ്ടെത്താനും നടപടിയുണ്ടാകും. അതത് ബി ആര്‍ സി യുടെ കീഴിലുള്ള പി. ഇ. സി.മീറ്റിംഗ് നടത്തുകയും വിദ്യാലയങ്ങളില്‍ മാസ് പ്രോഗ്രാം നടത്തി വിവരശേഖരണം നടത്തി കണ്ടെത്തിയ കുട്ടികളുടെ വീട് സന്ദര്‍ശിക്കുന്നതിന് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലെയും ഊരുവിദ്യാകേന്ദ്രങ്ങളിലെയും വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, എസ് ടി പ്രൊമോട്ടര്‍മാര്‍, വാര്‍ഡ് മെമ്പര്‍,ജനമൈത്രി പോലീസ്, എക്‌സൈസ് തുടങ്ങിയ വിവിധ മേഖലകളിലെ ആളുകളെ ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്.

വീടുകളില്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, വാര്‍ഡ് മെമ്പര്‍, ജനമൈത്രി പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുകയാണ്. വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ അതിജീവനം എന്ന പേരില്‍ കൗണ്‍സിലിംഗ് പ്രോഗ്രാം ആരംഭിച്ചു. ഊരുകള്‍ കേന്ദ്രീകരിച്ചുള്ള പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ഊരുവിദ്യാകേന്ദ്രങ്ങളിലും അവസ്ഥാ പഠനം നടത്തുകയും പഠന വിടവ് നേരിടുന്ന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലും കോവിഡിനു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതില്‍ കുറവുണ്ടാവാന്‍ കാരണം പല കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നു എന്നതുകൊണ്ടാണ്. 698 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍,48 ഊരുവിദ്യാകേന്ദ്രങ്ങള്‍ 126 സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്. മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കൊഴിഞ്ഞുപോയ കുട്ടികളുടെ കണക്കെടുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

Next Story