ബിച്ചു തിരുമലയുടെ വരികളിലൂടെ ആദരാഞ്ജലിയര്‍പ്പിച്ച് മന്ത്രി ശിവന്‍കുട്ടി
ഗാനങ്ങളിലെ വരികള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ശിവന്‍കുട്ടി അനുശോചനം രേഖപ്പെടുത്തിയത്.
26 Nov 2021 11:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിച്ചു തിരുമലയുടെ തന്നെ വരികളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ബിച്ചു തിരുമലയുടെ ഏഴു ഗാനങ്ങളിലെ വരികള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ശിവന്‍കുട്ടി അനുശോചനം രേഖപ്പെടുത്തിയത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം നനഞ്ഞൊഴുകും, അക്കല്‍ദാമയിലെ നീലാകാശവും മേഘങ്ങളും, കോളിളക്കത്തില്‍ ഒന്ന് നിനയ്ക്കും വേറൊന്ന് ഭവിക്കും, ആരാധനയിലെ ആരാരോ ആരീരാരോ, നിറകുടത്തിലെ ജീവിതമെന്ന തൂക്കുപാലം, ഉത്രാടരാത്രിയിലെ ഏഴു സ്വരങ്ങളും, തെരുവുഗീതത്തിലെ ഹൃദയം ദേവാലയം എന്നീ വരികള്‍ ചേര്‍ന്നതാണ് ശിവന്‍കുട്ടിയുടെ അനുശോചന സന്ദേശം.
അനുശോചന കുറിപ്പ്: ''മിഴിയോരം നനഞ്ഞൊഴുകും...ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളില്‍ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നല്കി. ഒന്ന് നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാന്‍ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചില്‍ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട... ആദരാഞ്ജലികള്‍.''