Top

'കാല ശേഷം വീട് പാലിയേറ്റീവിന്'; കെ റെയിലിനായി വിട്ടു നല്‍കാന്‍ മടിയില്ലെന്ന് സജി ചെറിയാന്‍

കെ റെയില്‍ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്ന് സജി ചെറിയാൻ.

23 March 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാല ശേഷം വീട് പാലിയേറ്റീവിന്; കെ റെയിലിനായി വിട്ടു നല്‍കാന്‍ മടിയില്ലെന്ന് സജി ചെറിയാന്‍
X

തിരുവനന്തപുരം: കെ റെയില്‍ അലൈന്‍മെന്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. കെ റെയിലില്‍ തന്റെ വീട് വിട്ടുകൊടുക്കേണ്ടി വന്നാല്‍ അതിന് മടിയില്ല. വീട് വിട്ടുകൊടുക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല. അതില്‍ തന്റെ വീടുകൂടി ഉള്‍പ്പെടുത്തണമെങ്കില്‍ അത് ചെയ്യാമെന്നും മന്ത്രി സജി ചെറിയാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

'എന്റെ കാലശേഷം വീട് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കും. ഡോക്ടര്‍മാരായ പെണ്‍മക്കള്‍ അവരുടെ സൗജന്യ സേവനം കരുണയ്ക്ക് നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയുള്ള തനിക്ക് കെ റെയിലിനായി വീട് വിട്ടു നല്‍കാന്‍ സന്തോഷമേയുള്ളു', സജി ചെറിയാന്‍ പറഞ്ഞു.

കെ റെയിലിനായി വീട് വിട്ടു നല്‍കുന്നതിന് സന്തോഷം മാത്രമേയുള്ളു. അതില്‍ നിന്നും ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാം. അദ്ദേഹവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന അത് കരുണയ്ക്ക് നല്‍കിയാല്‍ മതിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ മറുപടിയില്‍ മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

മന്ത്രി സജി ചെറിയാന്റെ വീടിനായി സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. നിരവധി സ്ഥലങ്ങളില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതിന് തെളിവായി രേഖകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

'സജി ചെറിയാന്‍ ഒരാവശ്യവുമില്ലാതെ തനിക്ക് എതിരെ ആരോപണം ഉന്നയിച്ചു. അലൈന്‍മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തി പഴയ അലൈന്‍മെന്റ് സൈറ്റില്‍ നിന്ന് മാറ്റി. ചെങ്ങന്നൂര്‍ കുറിച്ചിമുട്ടത്ത് അലൈന്‍മെന്റില്‍ മാറ്റം വരുത്തി. ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സജി ചെറിയാന്‍ പറയുന്നു. ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് മാറ്റം വരുത്തിയത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വലിയ ശക്തിയെന്ന് അന്വേഷിക്കണം. ഇക്കാര്യം സജി ചെറിയാന്‍ വിശദീകരിക്കട്ടെ. സമരത്തെ ആക്ഷേപിക്കാന്‍ കരുതികൂട്ടിയുള്ള ശ്രമം നടക്കുന്നു. ഭീകരവാദികള്‍ ആണ് സമരം നടത്തുന്നത് എന്ന് പറയുന്നു. ഇത് പ്രസ്താവനയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കെ റെയില്‍ നിര്‍ത്തുന്നു എന്ന് ഗവണ്‍മെന്റ് പറഞ്ഞാല്‍ സമരം അവസാനിപ്പിക്കും. സജി ചെറിയാന്‍ ഇനി ശബ്ദിച്ചാല്‍ ബാക്കി അപ്പോള്‍ പറയാം'. മന്ത്രി സജി ചെറിയാന്റെ വീട് ഇരിക്കുന്ന സ്ഥലത്താണ് അലൈന്‍മെന്റ് മാറ്റിയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

കേരള നിയമസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്തു കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അത് തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹത്തിന് താത്പര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് എന്നും തിരുവഞ്ചൂര്‍ ആരോപിച്ചിരുന്നു. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

STORY HIGHLIGHTS: Minister Saji Cheriyan reply to thiruvanchoor radhakrishnan on k Rail alignment

Next Story