Top

'കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടും'; നടി ആക്രമിക്കപ്പെട്ട കേസില്‍ സജി ചെറിയാന്‍

കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

12 Jan 2022 5:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടും; നടി ആക്രമിക്കപ്പെട്ട കേസില്‍ സജി ചെറിയാന്‍
X

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി സജി ചെറിയാന്‍. മുന്‍വിധിയോടുകൂടി സംസാരിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ കഴിയില്ല. എന്നാല്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട്, കേസുമായി ബന്ധപ്പെട്ട് ആരോക്കെ ചോദ്യം ചെയ്യപ്പെട്ടു എന്നതില്‍ നിന്ന് വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ എടുത്തു ചാടി നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അത് ക്യാബിനെറ്റില്‍ ചര്‍ച്ചയ്‌ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന് തുടര്‍ച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാന്‍ സാധിക്കില്ലെന്നും സജി ചെറിയാന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വകുപ്പിലേക്കെത്തി. ഉടന്‍ തന്നെ തന്റെ നേതൃത്വത്തില്‍ രണ്ട് മീറ്റിംഗുകള്‍ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റില്‍ പോകണമോ, നിയമസഭയില്‍ വെയ്‌ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണെന്ന് ഉറപ്പു നല്‍കുന്നുവെന്നും സജി ചെറിയാന്‍ വ്യകതമാക്കി.

മന്ത്രി സജിചെറിയാന്‍ പറഞ്ഞത്: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും. മുന്‍വിധിയോടുകൂടി സംസാരിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ കഴിയില്ല. എന്നാല്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട്, കേസുമായി ബന്ധപ്പെട്ട് ആരോക്കെ ചോദ്യം ചെയ്യപ്പെട്ടു എന്നതില്‍ നിന്ന് വ്യക്തമായതാണെന്നും. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ല.

മുഖ്യമന്ത്രിക്ക് മുമ്പാകെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അദ്ദേഹം അത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് യോഗങ്ങള്‍ തന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തവെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. മൂന്ന് പേരടങ്ങുന്നൊരു സമിതി റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിച്ച് നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നതിനായി ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് അന്തിമം ആയതായും അതിലെ പ്രസക്ത ഭാഗങ്ങള്‍ നിയമപരമായി വിലയിരുത്തിക്കൊണ്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ട് വിശാലമായതുകൊണ്ടു തന്നെ അതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്ത് ചര്‍ച്ച ചെയ്യു എന്നതാണ് പ്രായോഗികമെന്നും അതില്‍ നടപ്പിലാക്കേണ്ടതിന്റെ നിയമ സാധുതയും സാമ്പത്തിക സാധ്യതയും നോക്കി സര്‍ക്കാരിന്റെ മുമ്പാകെ വന്നതിന് ശേഷം നിയമസഭയില്‍ കൊണ്ടുവരണമോ അല്ലാതെ മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുമോ എന്ന് പരിശോധിക്കും.

ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച് എത്രയും വേഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപം ഉണ്ടാക്കാനാകുമെന്നാണ് സമിതി അറിയിച്ചിട്ടുള്ളത്. ഏകദേശം ഒരു ഡ്രാഫ്റ്റ് ആയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

റിപ്പോര്‍ട്ട് പുറത്തു വിടാത്തത് ഇരകളുടെ പേര് പരാമര്‍ശിക്കുന്നതിനാലോ, ഉന്നതരുടെ പങ്ക് വെളിപ്പെടും എന്നതിനാലോ അല്ല. റിപ്പോര്‍ട്ടില്‍ ചില സ്വാധീനങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിനെ കുറിച്ച് വ്യക്തത ലഭിക്കാതെ പുറത്തുവിടാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ചലച്ചിത്ര ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ച് പഠിച്ച് അതിന്റെ നിയമം വശം പരിശോധിച്ച് നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Next Story