Top

ട്രൈബല്‍ ഹോസ്റ്റല്‍ കുട്ടികള്‍ക്ക് പച്ചരി ചോറ്; നല്ല ഭക്ഷണം നല്‍കിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍; 'എന്തായാലും നല്ലോണം കുടഞ്ഞിട്ടുണ്ട്'

കുട്ടികളുടെ ഭാവിയും ആരോഗ്യവുമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

16 Dec 2021 3:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രൈബല്‍ ഹോസ്റ്റല്‍ കുട്ടികള്‍ക്ക് പച്ചരി ചോറ്; നല്ല ഭക്ഷണം നല്‍കിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍; എന്തായാലും നല്ലോണം കുടഞ്ഞിട്ടുണ്ട്
X

ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്ക് പച്ചരി ചോറ് നല്‍കിയ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍. കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു സംഭവം.

ഒരുമണിക്കൂറോളം സ്‌കൂളില്‍ ചെലവിട്ട മന്ത്രി കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ചോദിച്ചറിയുകയും വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് കുട്ടികളിലെ പോഷകാഹാര കുറവ് മന്ത്രി രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ മന്ത്രി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കുട്ടികള്‍ക്ക് നല്‍കുന്നത് പച്ചരി ചോറാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ നാല് കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

തുടര്‍ന്നാണ് ഹോസ്റ്റല്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് ശാസിച്ചത്. ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും കുട്ടികളുടെ ഭാവിയും ആരോഗ്യവുമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. നല്ല ഭക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട അധ്യാപകരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ജോലി തെറിപ്പിക്കല്‍ മുന്നറിയിപ്പ് ഉയര്‍ന്നതോടെ ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തക ധന്യാരാമന്‍ പറഞ്ഞത് ഇങ്ങനെ: മന്ത്രിയുടെ ഊരു സന്ദര്‍ശനത്തിനിടെ വയനാട് ജില്ലയിലുള്ള tribal ഹോസ്റ്റലുകളിലും കയറി കുഞ്ഞുങ്ങളോട് സംവദിച്ചു. കുഞ്ഞുങ്ങളോടൊപ്പം സര്‍ക്കാരും വകുപ്പും ഉണ്ടാകുമെന്നു ഉറപ്പു കൊടുത്തു. സംസാരത്തിനിടയില്‍ ഭക്ഷണത്തെ കുറിച്ച് സംസാരിച്ചു. കുഞ്ഞുങ്ങള്‍ക്ക് പച്ചരി ചോറാണ് കൊടുക്കുന്നത് എന്ന് മനസിലായി. ഉദ്യോഗസ്ഥരെ എടുത്തിട്ട് കുടഞ്ഞു മന്ത്രി. സാധാരണ ഹോസ്റ്റലുകളില്‍ നല്ല ഭക്ഷണം കൊടുക്കാറുണ്ട്. മെനുവിലെ പോലെ തന്നെ. ഇടയ്ക്കിങ്ങനെ ഓരോരോ കുക്ക് മാര് ഇമ്മാതിരി വേലത്തരം ചെയ്യും. എന്തായാലും ഇന്നലെ മിനിസ്റ്റര്‍ നല്ലോണം കുടഞ്ഞിട്ടുണ്ട്. Iron deficiency ഉള്ള കുഞ്ഞുങ്ങളെ അന്നേരം തന്നെ ആശുപത്രിയില്‍ ചികിത്സ കൂടി തേടാന്‍ കൊണ്ടുപോയി. മര്യാദയ്ക്കല്ലെങ്കില്‍ ജോലി തെറിപ്പിക്കും ന്നു പറഞ്ഞു.

Next Story