Top

രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം?, ചോദ്യങ്ങള്‍ക്ക് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി

31 Dec 2021 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം?, ചോദ്യങ്ങള്‍ക്ക് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി
X

സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തിന് പിന്നില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. രമേശ് ചെന്നിത്തല ഉന്നയിച്ച ഡി ലിറ്റ് പദവി ആരോപണം തെറ്റാണ്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയില്ല. രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.

ഓണററി ബിരുദം നല്‍കല്‍ സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശമാണ്. ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. സര്‍ക്കാര്‍ ഇടപെടില്ല. ഓണററി ബിരുദം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക സെനറ്റും സിന്റിക്കേറ്റുമാണ്. രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും തെറ്റായ ആരോപണങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധം ആണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ് എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗവര്‍ണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണ്ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണ്. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ തര്‍ക്കമുണ്ടെന്ന ദഗവര്‍ണറുടെ വാക്കുകള്‍ ഉദ്ധരിച്ച് അവ ഈ വിഷയങ്ങള്‍ ആണോ എന്ന ചോദ്യമാണ് ചെന്നിത്തല ഉയര്‍ത്തുന്നത്. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍.

1. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ് ?

2. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചിരുന്നോ?

3. വൈസ് ചാന്‍സിലര്‍, ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍?

4. ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണ്ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

6. ഈ പട്ടികക്ക് ഇനിയും ഗവര്‍ണ്ണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

Next Story