മന്ത്രി ആര്‍ ബിന്ദു രാജിവെക്കണം; ലോകയുക്തയ്ക്ക് പരാതി നല്‍കാനൊരുങ്ങി രമേശ് ചെന്നിത്തല
കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
14 Dec 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി സ്ഥാനത്തേക്ക് പുനര്‍നിയമനം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് ഇന്ന് പരാതി നല്‍കും. ചട്ടം ലംഘിച്ച് നിയമനം നല്‍കാന്‍ മന്ത്രി ഇടപ്പെട്ടതിനാല്‍ ശക്തമായ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ സ്വജനപക്ഷപാതമാണെന്നും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
അക്കാദമിക് മികവ് മുന്നോട്ട് കൊണ്ടുപോകാന്‍ പുനര്‍നിയമനം വേണമെന്ന് ചൂണ്ടിക്കാട്ടി വിസിയായ് ഗോപിനാഥ് രവീന്ദ്രന്റെ പേര് മന്ത്രി കത്തില്‍ മുന്നോട്ടു വെച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണ് പേര് മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി കത്തില്‍ പറയുന്നു.
വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് മന്ത്രിയാണെന്നാണ് പുറത്തുവന്ന കത്തില്‍ വ്യക്തമാകുന്നത്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്നാണ് വിവരം. കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നതിനിടെയാണ് കത്ത് പുറത്തുവന്നത്. വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലും മന്ത്രിക്ക് എതിരാണ്.
നവംബര്‍ 23 ന് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുനര്‍ നിയമനത്തിന് അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഗവര്‍ണര്‍, ചാന്‍സലര്‍ എന്നീ നിലകളില്‍ രണ്ട് കത്താണ് നല്‍കിയത്. അതേസമയം, സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിക്ക് കിട്ടിയ മറുപടിയെന്നതും ശ്രദ്ധേയമാണ്.
ഗോപിനാഥ് രവീന്ദ്രന്റെ അക്കാദമിക് മികവുകളും അദ്ദേഹത്തിന്റെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സ്വന്തമാക്കിയ നേട്ടങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നായി മാറിയെന്ന് മന്ത്രി അവകാശപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗോപിനാഥ് രവീന്ദ്രന് നവംബര്‍ 24 മുതല്‍ പുനര്‍നിയമനം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലെ സെക്ഷന്‍ പത്ത് വൈസ് ചാന്‍സലറുടെ പുനര്‍നിയമം അനുവദിക്കുന്നെന്നും പ്രായപരിധി ബാധകമല്ലെന്നും കത്തില്‍ പറയുന്നുണ്ട്. ചാന്‍സലര്‍ക്കെന്ന നിലയില്‍ നല്‍കിയ കത്തില്‍ ഗോപിനാഥ് രവീന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ തനിക്ക് സവിശേഷ അധികാരമുണ്ടെന്ന് പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി പറയുന്നു.