കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തിന് മന്ത്രി ആർ ബിന്ദുവുമെത്തി
15 Nov 2021 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മന്ത്രി ആർ ബിന്ദുവിന്റെയും സാന്നിധ്യം. തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇന്നലെ ഇരിങ്ങാലക്കുടയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.
കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ നിലയക്ക് ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിലെ ചടങ്ങിന് ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത സാഹചര്യം സിപിഐഎമ്മിന് വിശദീകരിക്കേണ്ടി വരും.
കേസിലെ പ്രതികൾക്ക് സിപിഐഎമ്മിലെ ഉന്നത നേതാക്കളുമായുള്ള ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങളായ ബാങ്കിലെ ചില മുൻ ഉദ്യോഗസ്ഥർക്ക് എതിരെ സിപിഐഎം നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പണം ഉപയോഗിച്ചെന്നും ഒരു ഘട്ടത്തില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രി പ്രതിനിധീകരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്നത്.