Top

'കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്'; ലോകായുക്ത വിധിയില്‍ മന്ത്രി ആര്‍ ബിന്ദു; 'രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം'

4 Feb 2022 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്; ലോകായുക്ത വിധിയില്‍ മന്ത്രി ആര്‍ ബിന്ദു; രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം
X

കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത വിധിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി. കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാതെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും ഇത്തരമൊരു ആരോപണം തനിക്കെതിരെ ഉന്നയിച്ചതെന്നും കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കരുതെന്ന് ഈ വിധിയിലൂടെ ഇരു കൂട്ടരും മനസ്സിലാക്കുമെന്ന് കരുതുന്നെന്നും മന്ത്രി ആര്‍ ബിന്ദു പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകായുക്തയില്‍ തനിക്കെതിരെ പരാതി നല്‍കിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവും മന്ത്രി ഉന്നയിച്ചു.

മന്ത്രിയുടെ വാക്കുകള്‍.

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല എന്നത് വിധിയിലൂടെ ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ കരുതുന്നു. ബഹുമാന്യനായ രമേശ് ചെന്നിത്തല ഏറെ കാലമായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വളരെ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നയാളാണ്. അദ്ദേഹത്തെ പോലെ ഒരാള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെ പ്രസ്താവനകള്‍ നടത്തുന്നത് ഭൂഷണമല്ല. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാക്കളോടും മാധ്യമ സുഹൃത്തുക്കളോടും എനിക്ക് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കാനുള്ളത് എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കുകയെന്നാണ്. അത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സാമാന്യേന സഹകരണ മനോഭാവമാണ് ഈ വിഷയത്തില്‍ കാണിച്ചത്. അതിനദ്ദേഹത്തോട് നന്ദിയുണ്ട്. രമേശ് ചെന്നിത്തല അടുത്ത കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളോട് വല്ലാത്ത അസഹിഷ്ണുത കാണിക്കുന്നുണ്ട്. അതെന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഒരുപക്ഷെ ജനഹൃദയങ്ങളില്‍ അദ്ദേഹം ഉണ്ട് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയായിരിക്കും. ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള രമേശ് ചെന്നിത്തല വിവാദങ്ങളുടെ പിന്നാലെ പോവേണ്ട ആവശ്യമില്ല. നല്ല കാര്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ സഹകരണം വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. പ്രതിപക്ഷ നേതാവാവാനാത്തതിന്റെ ഇച്ഛാഭംഗമാണ് രമേശ് ചെന്നിത്തലയ്‌ക്കെന്നും ആര്‍ ബിന്ദു പറഞ്ഞു.

മന്ത്രിക്ക് ക്ലീൻ ചിറ്റ്

കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ചിറ്റാണ് നല്‍കിയത്. വിസി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സര്‍വ്വകലാശാലക്ക് നല്‍കിയത് നിര്‍ദേശമാണെന്നും വിധി പറയുന്നതിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. മന്ത്രി സര്‍വ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിര്‍ദേശം നല്‍കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യത്തിലേക്ക് ലോകായുക്ത കടന്നില്ല. വിഷയത്തില്‍ രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി തള്ളി.

Next Story