Top

'എല്ലാമായെന്ന ധാരണ വേണ്ട'; കരാര്‍ കമ്പനി ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് മന്ത്രി റിയാസ്, മുന്നറിയിപ്പ്

''അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതില്‍ ഇനിയും വീഴ്ച ആവര്‍ത്തിച്ചാല്‍ നടപടി''

22 Dec 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാമായെന്ന ധാരണ വേണ്ട; കരാര്‍ കമ്പനി ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് മന്ത്രി റിയാസ്, മുന്നറിയിപ്പ്
X

റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ശംഖുമുഖം വിമാനത്താവളം റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥനോട് മന്ത്രി പൊട്ടിത്തെറിച്ചത്.

സംഭവം ഇങ്ങനെ: റോഡ് നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ നിശ്ചയിച്ച ഉന്നതതല യോഗത്തില്‍ കരാര്‍ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. പൊതുമരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എന്‍ജിനീയറും പങ്കെടുക്കുന്ന യോഗത്തിലേക്ക് കമ്പനി അയച്ചത് ജൂനിയര്‍ ഉദ്യോഗസ്ഥനെയായിരുന്നു. ഇതാണ് മന്ത്രിയെ പ്രകോപിച്ചത്.

തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഇങ്ങനെ: ''പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണ് മരാമത്തു വകുപ്പിന്റെ പ്രശ്‌നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും.പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിക്കുന്ന യോഗത്തിലേ നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുകയുള്ളോ.''- മന്ത്രി ചോദിച്ചു.

മന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തോടെ ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്ന വിശദമായ റിപ്പോര്‍ട്ട് കമ്പനി കൈമാറി. റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതില്‍ ഇനിയും വീഴ്ച ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.



Next Story