Top

'മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാ ഇങ്ങോട്ട് വരുന്നേ'; പരാജയം മണത്ത് പ്രതിപക്ഷത്തിന്റെ കരച്ചില്ലെന്ന് മുഹമ്മദ് റിയാസ്

'വികസനത്തിന്റെ കാര്യം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് തുടക്കത്തിലേ ശ്രമിച്ചു'

21 May 2022 4:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാ ഇങ്ങോട്ട് വരുന്നേ; പരാജയം മണത്ത് പ്രതിപക്ഷത്തിന്റെ കരച്ചില്ലെന്ന് മുഹമ്മദ് റിയാസ്
X

തൃക്കാക്കര: തിരുവന്തപുരത്ത് ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് മന്ത്രിമാര്‍ തൃക്കാക്കരയിലേക്ക് വരുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിന് മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഞങ്ങളുടെ സിറ്റിംഗ് സീറ്റാണിത് ഇവിടെ ഞങ്ങള്‍ തന്നെ ജയിച്ചാല്‍പോരേ, നിങ്ങള്‍ എന്തിനാണ് പ്രചാരണം നടത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കരച്ചിലിന്റെ വക്കോളം എത്തുന്ന അവസ്ഥയിലാണ് അദ്ദേഹമെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു

തെരഞ്ഞെടുപ്പ് ആവുമ്പോള്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രചാരണം നടത്തും. ഭരണവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഒരേ സമയം നടക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടക്കരച്ചില്‍ കേട്ടത് യുഡിഎഫിന്റെ നേതാക്കന്മാരുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹം പരിഹസിച്ചു.

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാക്കുകള്‍:

വികസനത്തിന്റെ കാര്യം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് തുടക്കത്തിലേ ശ്രമിച്ചു. ഇത് ഞങ്ങളുടെ സിറ്റിംഗ് സീറ്റാണ്, ഇവിടെ ഞങ്ങള്‍ തന്നെ ജയിച്ചാല്‍ പോരേ നിങ്ങള്‍ എന്തിനാ പ്രചരണം നടത്തുന്നത്, മുഖ്യമന്ത്രി എന്തിനാ വരുന്നത്, മന്ത്രിമാര്‍ എന്തിനാ വരുന്നത്, എംഎല്‍എമാര്‍ എന്തിനാ വരുന്നത്. ഞങ്ങള്‍ തന്നെ വിജയിച്ചാല്‍ പോരേ, എന്ന് പറയുന്ന കരച്ചിലിന്റെ വക്കോളം എത്തുന്നതിന്റെ അവസ്ഥയിലാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് ആവുമ്പോള്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രചാരണം നടത്തും. ഭരണം ഭരണത്തിന്റെ ഭാഗത്ത് നടക്കുന്നതിനൊപ്പം തന്നെ ഇവിടെ പ്രചാരണവും നടക്കും. ഇവിടെ യുഡിഎഫ് എംഎല്‍എമാരില്ലേ. കേരളത്തിന്റെ യുഡിഎഫ് എംഎല്‍എമാര്‍ മുഴുവന്‍ ഈ മണ്ഡലത്തില്‍ ഉണ്ടെല്ലോ. എല്‍ഡിഎഫിന്റെ നേതാക്കള്‍ വരുമ്പോള്‍ ഒരു അസ്വസ്ഥതയാണ്. എല്‍ഡിഎഫിന് അനുകൂലമായ മാറ്റം അദ്ദേഹം തിരിച്ചറിയുന്നു ഉള്ളതാണ്. ആ തിരിച്ചറിവാണ് ഈ ബേജാറിന്റെ കാരണം.

കെ സുധാകരന്റെ പരാമര്‍ശം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. യുഡിഎഫ് പൊതുവേ സ്വീകരിക്കുന്ന ഒരു സമീപനമുണ്ട്. അത് അജണ്ടകളെ വഴിമാറ്റുകയാണ്. വികസനമെന്ന അജണ്ട ചര്‍ച്ച ചെയ്യാതിരിക്കാന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അനാവശ്യ വിവാദങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നു. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ നമ്മള്‍ കണ്ടു. എല്‍ഡിഎഫിനാണല്ലോ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള മിനിമം അവകാശം. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടക്കരച്ചില്‍ കേട്ടത് യുഡിഎഫിന്റെ നേതാക്കന്മാരുടെ ഭാഗത്ത് നിന്നാണ്. അപ്പോള്‍ ജനം ചോദിച്ചു. നിങ്ങള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിയെ പേടിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിയെ ഇത്ര വിഷമം. അത് പറഞ്ഞപ്പോള്‍ ആ സിഡി മാറ്റി. പിന്നെ പറഞ്ഞു സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനാണെന്ന്. അത് ഒറ്റപ്പെട്ടു എന്ന് കണ്ടപ്പോള്‍ അതും മാറ്റി. പിന്നീട് വേറെ ചില സിഡികള്‍ ഇറക്കി. അപ്പോള്‍ വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല. ഞാന്‍ പ്രതിപക്ഷ നേതാവിനോടും യുഡിഎഫ് നേതാക്കളോടും അഭ്യര്‍ത്ഥിക്കുയാണ്, യുഡിഎഫ് മാത്രം വിജയിച്ച ഈ മണ്ഡലത്തില്‍ വികസനം മാത്രം ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ തയ്യാറാവണം.

STORY HIGHLIGHTS: Minister PA Muhammed Riyas Against Opposition leader VD Satheeshan

Next Story