Top

'പല തവണ എൻഎച്ച് അധികാരികളെ അറിയിച്ചതാണ്'; അങ്കമാലിയിലെ അപകട മരണത്തിന് കാരണം കരാറുകാരോടുള്ള മൃദുസമീപനമെന്ന് മന്ത്രി റിയാസ്

6 Aug 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പല തവണ എൻഎച്ച് അധികാരികളെ അറിയിച്ചതാണ്; അങ്കമാലിയിലെ അപകട മരണത്തിന് കാരണം കരാറുകാരോടുള്ള മൃദുസമീപനമെന്ന് മന്ത്രി റിയാസ്
X

അങ്കമാലി: ദേശീയപാതയിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ദേശീയ പാതാ അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപകട മരണത്തിന് കാരണം ദേശീയ പാതാ അതോറിറ്റിയുടെ കരാറുകാരോടുള്ള മൃദുസമീപനമാണ്. ഇത്തരത്തിലുള്ള കരാറുകാർക്കെതിരേ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ ഇത്തരം കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരും ദേശീയ പാതാ അതോറിറ്റിയും എന്തുകൊണ്ട് തയ്യാറാകുന്നില്ല. എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്നും മന്ത്രി ചോദിച്ചു.

'കേരളത്തിലെ മൂന്ന് ലക്ഷം കിലോമീറ്ററോളമുളള റോഡുകളിൽ 30,000 കിലോമീറ്ററാണ് പിഡബ്ല്യുഡിയുടേത്. ദേശീയ പാതയ്ക്ക് കൈമാറിയ റോഡുകളുടെ കുഴിയടക്കാൻ പിഡബ്ല്യുഡി പോയാൽ അത് ഫെഡറൽ സംവിധാനത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്. റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ഇന്ത്യൻ റെയിൽവേ ആണ്. ജനം ഇത് മനസിലാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്,'മന്ത്രി പറഞ്ഞു.

'കേരളത്തിലെ നിയമസഭയിൽ ഉൾപ്പെടെ ഇക്കാര്യം ചർച്ച ചെയ്തതാണ്. ചിലർ അന്ന് പരിഹസിക്കുകയാണുണ്ടായത്. ഏത് സർക്കാരിന്റെ, വകുപ്പിന്റെ റോഡ് ആയാലും അതിൽ കുഴികളുണ്ടാകാനും അപകമുണ്ടാകാനും പാടില്ല. അത് പരിഹരിക്കരപ്പെടേണ്ട പ്രശ്‌നമാണ്. മരണം വളരെ ദൗർഭാഗ്യകരമാണ്. അത് കേന്ദ്ര സർക്കാരിന്റെയാണ് എന്ന് പറഞ്ഞ് ആക്ഷേപിച്ച് പോകാനല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളുണ്ട്. ആ പ്രത്യേക സാഹചര്യത്തിൽ കേരളത്തിലെ കാലാവസ്ഥ ഒരു പ്രശ്‌നം മാത്രമാണ്. അതാണ് ആകെ പ്രശ്‌നമെന്ന് കാണാൻ നമുക്ക് പറ്റില്ല. കാലാവസ്ഥ ഒരു പ്രശ്‌നമാണ്. തെറ്റായ ചില പ്രവണതകളുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടണം', മന്ത്രി ആവശ്യപ്പെട്ടു.

'കരാറുകാരന്റേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ഫോൺ നമ്പർ നൽകി ജനങ്ങൾക്ക് നേരിട്ട് പ്രതികരിക്കാനുള്ള അവസരമാണ് പിഡബ്ല്യുഡി ഒരുക്കിയത്. മൂവായിരത്തിലധികം ബോർഡുകൾ വെച്ചു. ഇവിടെ പരിപാലനം കൃത്യമായി നടക്കുന്നു. കുഴി എണ്ണിയോ ഇല്ലയോ എന്ന് ചിലർ ചോദിച്ചു. ജനങ്ങൾക്ക് ഇടം കൊടുത്തതോടെ മാറ്റമുണ്ടായി. ദൗർഭാഗ്യവശാൽ ദേശീയ പാതാ അതോറിറ്റി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ല. ഇന്ന് അപകടം നടന്ന ഇടത്ത് ടോൾ ഉൾപ്പെടെയുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അവിടുത്തെ കരാറുകാർ എന്തുകൊണ്ട് അറ്റകുറ്റപ്പണി നടത്തിയില്ല. ഇവരേക്കൊണ്ട് എന്തുകൊണ്ട് എൻഎച്ച്എഐ അറ്റകുറ്റപ്പണി നടത്തിക്കുന്നില്ല,' മന്ത്രി കൂട്ടിച്ചേർത്തു.

അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ്യ'യുടെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.

STORY HIGHLIGHTS: Minister PA Muhammed Riyas against National Highways Authority

Next Story