Top

'വിവാഹം വ്യക്തിപരം'; നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്

13 April 2022 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹം വ്യക്തിപരം; നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ലൗ ജിഹാദ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദിനെക്കുറിച്ച് പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂ. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും അതിനെ ചെറുക്കുമെന്നും മുഹമ്മദ് റിയാസ് കൊല്ലത്ത് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയുള്ള നുണബോംബാണ് ലൗജിഹാദ് എന്ന ആരോപണം എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. നിരവധി നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുണ്ട്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

അതേസമയം, വിവാദമായ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശം കോഴിക്കോട്ടെ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് ചുണ്ടിക്കാട്ടി. ലൗജിഹാദ് ആരോപണങ്ങള്‍ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. കോടഞ്ചേരി മിശ്രവിവാഹത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസും ജോയ്‌സനയും തമ്മിലുള്ള വിവാഹം പരസ്പരം സമ്മതത്തോടെയാണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി.

കോടഞ്ചേരി വിഷയത്തില്‍ പ്രതികരണം നടത്തിയ ജോര്‍ജ് എം തോമസിന് പിശക് പറ്റിയെന്നും പി മോഹനന്‍ ചുണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതികരിച്ച തനിക്ക് തെറ്റ് സംഭവിച്ചെന്ന് ജോര്‍ജ് എം തോമസ് പാര്‍ട്ടിയെ അറിയിച്ചു. ജോര്‍ജിന്റേത് നാക്കുപിഴയായി കണക്കാക്കുകയാണ്. അതോടെ ആ വിഷയവും അവസാനിച്ചതായും പി മോഹനന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിവാഹം സംബന്ധിച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടന്നു എന്നും പി മോഹനന്‍ ആരോപിച്ചു. ലൗ ജിഹാദ് എന്ന പ്രചാരണം പുര്‍ണമായി തള്ളിയ കെ പി മോഹനന്‍ അത്തരം പ്രചാരണങ്ങള്‍ ആര്‍ എസ്എസിന്റെതാണെന്നും വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഷെജിന്‍ വിവാഹം ചെയ്ത രീതിയെ പരോക്ഷമായി വിമര്‍ശിക്കാനും പി മോഹനന്‍ തയ്യാറായി. ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടിയത് ശരിയായില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കുടുംബങ്ങളോട് ആലോചിച്ച് വേണ്ടിയിരുന്നു വിവാഹം. ഷിജിന്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ടു വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനന്‍ ചുണ്ടിക്കാട്ടി. വിഷയത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലും തെറ്റിദ്ധരിപ്പിച്ചു, അത് അടക്കം തിരുത്താനാണ് പൊതുയോഗം എന്നും കെ മോഹനന്‍ ചുണ്ടിക്കാട്ടി. ഷിജിനെതിരെ നടപടി പാര്‍ട്ടി പരിഗണയില്‍ ഇല്ല. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമാണ് എന്നും അദ്ദേഹം വടകരയില്‍ പ്രതികരിച്ചു.

Content Highlight: Minister PA Mohammed Riyas reaction love jihad controversy

Next Story