Top

'ഗവര്‍ണറുടേത് അസാധാരണ നടപടി'; ചില അടിയന്തരഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ അനിവാര്യമായി വരുമെന്ന് പി രാജീവ്

9 Aug 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറുടേത് അസാധാരണ നടപടി; ചില അടിയന്തരഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ അനിവാര്യമായി വരുമെന്ന് പി രാജീവ്
X

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി അസാധാരണമെന്ന് നിയമമന്ത്രി പി രാജീവ്. ശരിയായ ജനാധിപത്യ ഉള്ളടക്കത്തോടു കൂടിയാണ് കേരളത്തില്‍ നിയമനിര്‍മ്മാണം നടക്കുന്നത്. ചില അടിയന്തര ഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ അനിവാര്യമായി വരുമെന്നും മന്ത്രി പ്രതികരിച്ചു.

'ഓര്‍ഡിനന്‍സിലൂടെ ഭരണം നടത്തുക എന്ന രീതി ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ തവണ പ്രത്യേകമായി ഒരു സെക്ഷന്‍ നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രം നടത്തുകയും കഴിയാവുന്നത്ര ഓര്‍ഡിനന്‍സുകള്‍ നിയമമാക്കി മാറ്റുകയും ചെയ്തത്. ഈ വര്‍ഷവും അത്തരമൊരു സമ്മേളനം നടത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ആലോചന നടന്നിരുന്നു. ഓര്‍ഡിനന്‍സുകള്‍ എല്ലാം തന്നെ ചര്‍ച്ചകളിലൂടെ നിയമമാക്കി മാറ്റണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ചും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ നിയമസഭ കൂടിയ സംസ്ഥാനമാണ് കേരളം.

നിയമങ്ങള്‍ ചര്‍ച്ച ചെയ്ത് കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും എടുത്ത് ചര്‍ച്ച ചെയ്താണ് നിയമങ്ങള്‍ പാസാക്കുന്നത്. ശരിയായ ജനാധിപത്യ ഉള്ളടക്കത്തോടു കൂടിയാണ് കേരളത്തില്‍ നിയമനിര്‍മ്മാണം നടക്കുന്നത്. ചില അടിയന്തര ഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ അനിവാര്യമായി വരും.

ഏഴും എട്ടും ദിവസങ്ങള്‍ മാത്രം നിയമസഭ കൂടുന്ന സംസ്ഥാനങ്ങളുണ്ട്, അവിടെ ഓര്‍ഡിനന്‍സുകളും വരുന്നില്ല, നിയമങ്ങളും ഉണ്ടാകുന്നില്ല, നടപടികള്‍ മാത്രമാണ് ഉണ്ടാകുന്നത്. പക്ഷെ കേരളത്തില്‍ ഏത് നടപടിയും നിയമാനുസൃതമായ് നടക്കണമെന്ന് നിര്‍ബന്ധമുണ്ട്. കൊവിഡ് അല്ലെങ്കില്‍ മറ്റൊരു സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് നിര്‍ബന്ധിതമായി വരും. അതുകൊണ്ടാണ് ഭരണഘടനാ ശില്‍പ്പികള്‍ ഭരണഘടനയ്ക്ക് അകത്ത് ഇത്തരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയാണ് ഉണ്ടായത്. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണറും സര്‍ക്കാരും നിര്‍വഹിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല', മന്ത്രി പി രാജീവ് പറഞ്ഞു.

Story Highlights: Minister P Rajeev Response On Governor's Action

Next Story