'കേസ് നല്ല രീതിയില്‍ മുന്നോട്ടുപോകും'; മധു കൊലക്കേസില്‍ മന്ത്രി രാജീവ്
മധുവിന്റെ കുടുംബത്തോട് മൂന്ന് അഭിഭാഷകരുടെ പേരുകല്‍ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടു
26 Jan 2022 10:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം. മധുവിന്റെ കുടുംബത്തിന്റെ താല്പര്യം കൂടി കണക്കിലെടുത്താണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചു. മധുവിന്റെ കുടുംബത്തോട് മൂന്ന് അഭിഭാഷകരുടെ പേരുകല്‍ നിര്‍ദേശിക്കാനും ആവശ്യപ്പെടും. ഫെബ്രുവരി 26ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വീഴ്ചയുണ്ടെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രാജീവ് പറഞ്ഞു.
ഇന്നലെ കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തിയതോടെയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ വിവാദമാകുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിലവിലെ പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കഴിഞ്ഞ ആഴ്ച തന്നെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകരം സംവിധാനം ഒരുക്കിയിരുന്നില്ല. ഇതോടെ പ്രോസിക്യൂട്ടര്‍ക്കെതിരെയും സര്‍ക്കാറിനെതിരെയും ഗുരുതര ആരോപണങ്ങളുമായി മധുവിന്റെ സഹോദരി രംഗത്ത് വന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒന്നും അറിയിക്കുന്നില്ലെന്നും ആരോപിച്ചു. കേസ് നടത്തിപ്പില്‍ അവിശ്വാസം പ്രകടിപ്പിച്ച് കുടുംബവും സമരസമിതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവ് മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്നത്. മെയ് 22ന് 16 പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.