'മൊത്തം വോട്ട് കുറഞ്ഞിട്ടും വോട്ടും കൂടി ശതമാനവും കൂടി'; ഇടത് വിരുദ്ധ വോട്ടുകള്‍ ഏകോപിച്ചതാണ് പരാജയകാരണമെന്ന് പി രാജീവ്
'കണക്കുകള്‍ നോക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടി എന്നാണ്'
4 Jun 2022 4:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര: ഇടത് വിരുദ്ധ വോട്ടുകള്‍ ഏകോപിച്ചതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന് മന്ത്രി പി രാജീവ്. സഹതാപത്തിന്റെ ഘടകവും രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പരാജയപ്പെടാനുണ്ടായ എല്ലാ ഘടകവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി പി രാജീവിന്റെ വാക്കുകള്‍:
ഇടത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയും സഹതാപത്തിന്റെ തരംഗം കൂടി യുഡിഎഫിന്റെ കുത്തക മണ്ഡലത്തില്‍ വരികയും ചെയ്തു. അതാണ് ഈ ഫലത്തില്‍ പ്രതിഫലിച്ചതെന്ന് പ്രാഥമികമായി ഞങ്ങള്‍ ഇന്നലെ തന്നെ വിലയിരുത്തുകയും ചെയ്തു. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചുകഴിഞ്ഞ കാര്യമാണ്. ഞങ്ങളുടെ വോട്ട് കുറഞ്ഞിട്ടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് തന്നെ മത്സരിച്ചിട്ട് കെട്ടിവെച്ച കാശ് പോകുന്ന ഒരു സാഹചര്യം കൂടെ ഉണ്ടായി. നേരത്തെ അവിടെ മത്സരിച്ച ഒരു പാര്‍ട്ടിയുടെ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്, ഇവിടെ തങ്ങളുടെ നിലപാട് എന്തായിരുന്നുവെന്ന്. ആ വോട്ടുകള്‍ എല്ലാം ഏകോപിപ്പിച്ചിട്ടുണ്ട്. സഹതാപത്തിന്റെ ഘടകം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലതുപക്ഷ സ്വാധീനം നന്നായി ഉള്ളൊരു മണ്ഡലം കൂടിയാണ്. അതാണ് ഞങ്ങള്‍ പൊതുവേ കണ്ടിട്ടുള്ളത്.
കണക്കുകള്‍ നോക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടി എന്നാണ്. മൊത്തം വോട്ട് കുറഞ്ഞിട്ടും വോട്ടും കൂടി ശതമാനവും കൂടി. 2019ല്‍ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. തുടര്‍ച്ചയായി ഞങ്ങള്‍ വിജയിച്ചുകൊണ്ടിരുന്ന മണ്ഡലം ആ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ് ചെയ്തത്. എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ആ മണ്ഡലമുള്‍പ്പെടെ ജയിച്ചുകൊണ്ടാണ് ഞങ്ങല്‍ 99ലേക്ക് എത്തിയത്. അങ്ങനെ 99ലേക്ക് എത്തിയപ്പോഴും മികച്ച് ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് എത്തിയ മണ്ഡലമാണ് തൃക്കാക്കര. ആ മണ്ഡലത്തില്‍ ഞങ്ങള്‍ക്ക് സാധ്യമാവുന്ന രീതിയില്‍ മുന്നേറാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, വോട്ടുകളുടെ ഏകീകരണവും സഹതാപ ഘടകവും രാഷ്ട്രീയ ഘടകങ്ങളും അവര്‍ക്ക് അനുകൂലമായി വന്നു. ഞങ്ങള്‍ക്ക് വോട്ടിലും ശതമാനത്തിലും വര്‍ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ പിന്തുണയ്ക്ക് കുറവ് ഉണ്ടായില്ലെങ്കിലും എതിരായി നിന്നവര്‍ ഏകോപിച്ചു എന്നാണ് അതില്‍ മനസ്സിലാക്കുന്നത്.
ഞങ്ങള്‍ എല്ലാ ഘടകവും പരിശോധിക്കുന്നുണ്ട്. ജനങ്ങളുമായി കൂടുതലായി അടുക്കാന്‍ ഞങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ പൊതുവേ ഉണ്ടായിട്ടുള്ള മുന്നേറ്റത്തിനൊപ്പം നിലകൊള്ളാന്‍ പശ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ കഴിഞ്ഞിട്ടില്ല. അതിന്റെ കൂടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലത്തില്‍ കുറേക്കൂടി ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. എന്തെല്ലാം അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നും പഠിക്കും. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ ജില്ലകള്‍ എല്ലാം മാറിയിട്ടുണ്ട്. അതേപോലെത്തന്നെ, എറണാകുളം ജില്ലയിലും എങ്ങനെയാണ് ഈ പാഠങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ വരുത്തി എങ്ങനെയാണ് മുന്നേറാന്‍ കഴിയുക എന്ന് സ്വാഭാവികമായും പരിശോധിക്കും.
STORY HIGHLIGHTS: Minister P Rajeev explanation on loss at Thrikkakara By election