Top

'ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം'; ബില്ലുകള്‍ നീട്ടികൊണ്ടുപോകാന്‍ അധികാരമില്ലെന്ന് പി രാജീവ്

നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടികൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

19 Sep 2022 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം; ബില്ലുകള്‍ നീട്ടികൊണ്ടുപോകാന്‍ അധികാരമില്ലെന്ന് പി രാജീവ്
X

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുനായി നിയമ മന്ത്രി പി രാജീവ്. ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് പി രാജീവ് കൊച്ചിയില്‍ പറഞ്ഞു. പദവിയിലിരിക്കുന്നവര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്ന തരത്തില്‍ പെരുമാറണമെന്നും പി രാജീവ് വിമര്‍ശിച്ചു.

സര്‍വ്വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭയാണെന്നും പി രാജീവ് ഓര്‍മ്മിപ്പിച്ചു. സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 32ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമ പ്രകാരമാണ്. നിയമസഭകള്‍ പാസാക്കിയ നിയമം അനുസരിച്ച് മാത്രമാണ് ചാന്‍സലര്‍ക്കുള്ളതെന്നും പി രാജീവ് പറഞ്ഞു.

നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടികൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ബില്ലുകള്‍ തിരിച്ചയക്കാനുള്ള അവകാശം ഉണ്ട്. അങ്ങനെയെങ്കില്‍ ബില്ലിലുള്ള പ്രശ്‌നങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം. തുടര്‍ന്നും അതേ ബില്ലുകള്‍ നിയമസഭ പാസാക്കുകയാണെങ്കില്‍ ഗവര്‍ണര്‍ അംഗീകരിക്കേണ്ടി വരും. ഗവര്‍ണര്‍ വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയല്ല, നിയമസഭയുടെ സംതൃപ്തിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അടുത്തുവന്ന കോടതി വിധികള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ ഇന്ന് രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ തെളിവുകള്‍ പുറത്തു വിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് വിവരം.

Story Highlights: governor should act according to the position said P Rajeev


Next Story