Top

'കുറച്ചുകാലം ഡെൽഹിയിലുണ്ടായിരുന്നു, വാർത്ത കണ്ടപ്പോ ഓർത്തു'; എംപിമാരുടെ സമരശൈലി ഓർത്തെടുത്ത് പി രാജീവ്

പ്രായാധിക്യം വകവെയ്ക്കാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്ന് ഡൽഹിയിലേക്ക് വന്നു.

24 March 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറച്ചുകാലം ഡെൽഹിയിലുണ്ടായിരുന്നു, വാർത്ത കണ്ടപ്പോ ഓർത്തു; എംപിമാരുടെ സമരശൈലി ഓർത്തെടുത്ത് പി രാജീവ്
X

കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസ് എംപിമാരെ ഡെൽ​ഹി പൊലീസ് മർദ്ദിച്ച സംഭവത്തിൽ പരോക്ഷ വിമർശനവുമായി മന്ത്രി പി. രാജീവ്. എംപിയായിരുന്ന കാലഘട്ടത്തിൽ സമര ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. കോൺ​ഗ്രസ് എംപിമാർ പ്രകോപനപരമായ സമര മുറ തെരഞ്ഞെടുത്തുവെന്ന് പറയാതെ വിമർശിക്കുകയാണ് രാജീവ് ചെയ്തിരിക്കുന്നത്.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് രം​ഗത്തുവന്നിട്ടുണ്ട്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ചിലർ പാർലമെന്റ് വളപ്പിനുള്ളിൽ കയറാൻ ശ്രമിച്ചെന്നും ഇവരെ തടയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു. ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കെറെയിൽ പദ്ധതിക്കെതിരെ വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്ന എംപിമാരെയാണ് ഡൽഹി പൊലീസ് മർദ്ദിച്ചത്. ഹൈബി ഈഡൻ എംപിയുടെ മുഖത്ത് അടിയേൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. മുഖം പൊത്തി നിൽക്കുന്ന ഹൈബി ഈഡന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ടി എൻ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ചു തള്ളിയെന്നും എംപിമാർ ആരോപിച്ചു. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും എപിമാർ പറഞ്ഞു. പുരുഷ പൊലീസ് തന്നെ മർദിച്ചെന്നായിരുന്നു സംഘർഷത്തിന് പിന്നാലെ രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.എംപിമാരാണെന്ന് അറിയിച്ചിട്ട് പോലും പിടിച്ച് വലിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതായി കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പൊലീസ് നടപടി പാർലമെന്റ് അംഗങ്ങളുടെ പ്രിവിലേജിന് വിരുദ്ധമാണെന്നും എംപിമാർ പറഞ്ഞു.

രാജീവിന്റെ കുറിപ്പ്

ഞങ്ങളും കുറച്ചു കാലം പാർലമെണ്ട് അംഗങ്ങളായി ഡൽഹിയിലുണ്ടായിരുന്നു. ഈ ചിത്രങ്ങൾ അന്നത്തേതാണ്.. കൊച്ചി മെട്രോക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇടതു എംപിമാർ ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ സത്യഗ്രഹങ്ങളുടെ ചിത്രങ്ങളാണ് രണ്ടെണ്ണം.

പാർലമെന്റിൽ പ്രത്യേക പരാമർശങ്ങളിലൂടെ ഉന്നയിച്ചതിൻ്റേതാണ് മറ്റു രണ്ടു രേഖകൾ. ഇതു കൂടാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അദ്ധ്യക്ഷനും ഞാൻ ജനറൽ കൺവീനറുമായി പ്രവർത്തിച്ച കൊച്ചി നഗര വികസന സമിതി മെട്രോ ക്കായി സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ അന്നത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പങ്കെടുത്തിരുന്നു. അന്ന് കേരളവും കേന്ദ്രവും ഭരിച്ചിരുന്നത് കോൺഗ്രസ് നയിച്ച സർക്കാരുകളായിരുന്നു.

പ്രായാധിക്യം വകവെയ്ക്കാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അന്ന് ഡൽഹിയിലേക്ക് വന്നു. അദ്ദേഹവും ഞാനും അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നേരിൽ കണ്ടതും മെട്രോക്ക് അനുമതി തേടിയായിരുന്നു. ഇന്നത്തെ വാർത്തകൾ കണ്ടപ്പോൾ ഇതൊക്കെ ഓർത്തു പോയി .-

STORY HIGHLIGHTS:P RAJEEV REACTION ON MP'S PROTEST IN PARLIMENT

Next Story