ഇനി 'മെയ്ഡ് ഇന്‍ കേരള'; ഉല്‍പ്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്
ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍
6 Dec 2022 4:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇവയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേളകള് നടത്തും. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തും. സംരംഭക വര്‍ഷം വിജയിപ്പിക്കുന്നതില്‍ എല്ലാ ജനപ്രതിനിധികളും മികച്ച നേതൃത്വമാണ് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.
98,834 സംരംഭങ്ങള്‍ പുതുതായി സംസ്ഥാനത്ത് ആരംഭിച്ചു. 6106.71 കോടി രൂപയുടെ നിക്ഷേപവും 2,15,522 തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. അടുത്ത വര്‍ഷം ഓരോ മാസവും പുതിയ പ്രൊജക്ട് കെല്‍ട്രോണ്‍ പുറത്തിറക്കും. 1000 കോടി ടേണ്‍ഓവര്‍ ഉള്ള സ്ഥാപനമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണിനെ മാറ്റും. കൈത്തറി മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കൈത്തറി മേഖലയെ കുറിച്ച് പഠിക്കാന്‍ നിശ്ചയിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Story Highlights: Minister P Rajeev About Made In Kerala Project In Assembly