'ആളുകളുടെ മുന്നില്‍ കിട്ടുന്ന ഗമയാണ് മന്ത്രി പദം, സല്ല്യൂട്ട് അടിക്കുമ്പോള്‍ നാലാള് കാണണം'; പി പ്രസാദ്
അണിഞ്ഞൊരുങ്ങുന്നത് ഉള്‍പ്പെടെ പല കാര്യങ്ങളും ചെയ്യുന്നതിന്റെ ഉദാഹരണം പറയവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
28 Dec 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പൊലീസ് സല്ല്യൂട്ട് ചെയ്യുമ്പോഴും വാഹനം മറികടന്നുപോവുമ്പോഴൊക്കെ കിട്ടുന്ന ഗമയാണ് മന്ത്രിപ്പണിയുടെ ഹരമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൃഷി അതിജീവനം ശില്പശാല ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഹാസ്യ രൂപേണയുള്ള പ്രതികരണം. അണിഞ്ഞൊരുങ്ങുന്നത് ഉള്‍പ്പെടെ പല കാര്യങ്ങളും ചെയ്യുന്നതിന്റെ ഉദാഹരണം പറയവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
'പൊലീസുകാര്‍ നിരന്നുനിന്ന് സല്യൂട്ടടിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ നോക്കും. നമ്മള് അവരെയും ഒന്നു നോക്കും. വാഹനം കടന്നുപോവുമ്പോള്‍ ആളുകള്‍ ഏതോ വലിയ ആളാണ് പോകുന്നതെന്ന് കരുതും അപ്പോള്‍ ഉള്ളിലൊരു കുളിരുകോരും. സല്യൂട്ട് അടിക്കുന്നത് ആരെങ്കിലും കണ്ടില്ലെങ്കില്‍ ഗുണമില്ല. അതിന്റെ ഹരത്തില് അഞ്ചുകൊല്ലം കഴിഞ്ഞാലും മന്ത്രിപദവയില്നിന്ന് ഇറങ്ങാന്‍ തോന്നില്ല...', വേദിയില്‍ സംസാരിക്കവെ മന്ത്രി തമാശ രൂപേണേ പറഞ്ഞു. പ്രതികരണത്തിന് പിന്നാലെ മന്ത്രിയ്ക്കൊപ്പം സദസ്സിലുണ്ടായിരുന്നവരില്‍ നിന്നും ചിരി ഉയര്‍ന്നു.
കണ്ണാടിക്കുമുന്നില്‍ എത്രസമയം ചെലവഴിച്ചാണ് നമ്മള് പുറത്തേക്കിറങ്ങുന്നതെന്ന് പറഞ്ഞ മന്ത്രി നമ്മള് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും ശ്രദ്ധ ചെലുത്താറില്ലെന്നും അയില്ലാത്തവരാണെന്നും അഭിപ്രായപ്പെട്ടു.