പോസ്റ്റ് ഓഫീസ് തല്ലി തകർത്ത കേസ്: മന്ത്രി മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി
2011 ജനുവരി 19ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫിസ് ആക്രമിച്ചുവെന്നതാണ് കേസ്
26 March 2022 3:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: ഇന്ധന വില വർധനയ്ക്കെതിരെ വടകര പോസ്റ്റ് ഓഫീസിലേക്ക് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി മുഹമ്മദ് റിയാസ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. 2011 ജനുവരി 19ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫിസ് ആക്രമിച്ചുവെന്നതാണ് കേസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേസിലെ പ്രതിയാണ്.
2011ൽ നടന്ന സംഭവത്തിൽ പതിനൊന്ന് വർഷങ്ങൾക്കിപ്പുറവും കേസിന്റെ വിചാരണ തുടരുകയാണ്. പെട്രോളിയം ഉൽപനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് വടകര പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പോസ്റ്റ് ഓഫീസ് തല്ലി തകർത്തുവെന്നാണ് കേസ്. കേസിൽ മുഹമ്മദ് റിയാസ് ഉൾപ്പെടെ 11 പേർക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. കേസിൻറെ വിചാരണക്കാണ് മന്ത്രി കോടതിയിൽ ഹാജരായത്. പോസ്റ്റ് ഓഫിസ് ജീവനക്കാരെയും പൊലീസിനെയും വിസ്തരിച്ചു. ഇത് രണ്ടാംതവണയാണ് മന്ത്രി കേസിൽ കോടതിയിൽ ഹാജരാവുന്നത്.
എം കെ ശശി, എ എം റഷീദ്, പി ടി കെ രാജീവൻ, ടി അനിൽകുമാർ, പി കെ അശോകൻ, കെ എം മനോജൻ, കെ കെ പ്രദീപൻ, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി സജിത്ത് കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കേസ് ഏപ്രിൽ 11ലേക്ക് മാറ്റി.
Story highlights: Minister p a Muhammad Riya appeared in court in the Vadakara post office demolition case.