Top

'അന്വേഷണം കാര്യക്ഷമമല്ല, പൊലീസിന്റേത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന സമീപനം'; വിമര്‍ശനവുമായി നിത്യാനന്ദറായ്

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിത്യാനന്ദറായ് അഭിപ്രായപ്പെട്ടു.

20 Dec 2021 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്വേഷണം കാര്യക്ഷമമല്ല, പൊലീസിന്റേത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന സമീപനം; വിമര്‍ശനവുമായി നിത്യാനന്ദറായ്
X

ബിജെപി ഒബിസി മോര്‍ച്ച സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യനന്ദറായ്. കരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും നിത്യാനന്ദറായ് പറഞ്ഞു. ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ മരണത്തില്‍ അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിത്യാനന്ദറായ് അഭിപ്രായപ്പെട്ടു.

അതേസമയം എസ്ഡിപിഐ നേതാവിന്റെ മരണത്തിലും കൃത്യമായ അന്വേഷണം നടക്കണം കേന്ജ്ര ആഭ്യന്തര സഹമന്ത്രി ആവശ്യപ്പെട്ടു. ഒരു സംഘം ആളുകള്‍ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരെ അനാവശ്യമായി കേസില്‍ കുടുക്കുകയാണ്. എല്ലാ രാഷ്ട്രീയ അക്രമസംഭവങ്ങളെ കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നും നിത്യാന്ദറായ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ജില്ലാ കളക്ടര്‍ ഇന്ന് നടത്തുമെന്നറിയിച്ച സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റിവെച്ചു. ഇന്ന് ബിജെപി പങ്കെടുക്കില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചത്. യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊല്ലപ്പെട്ട അഡ്വ. രജ്ഞിത്ത് ശ്രീനിവാസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വെക്കും. വിലാപയാത്ര ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സംസ്‌കാരം വലിയഴീക്കലുള്ള വീട്ടുവളപ്പില്‍ നടക്കും. ഇതിനകം തന്നെ കൊച്ചിയിലെത്തിയ നിത്യാനന്ദറായ് ആലപ്പുഴയിലെത്തി മന്ത്രി രഞ്ജിത് ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും. കേരള പൊലീസിനോടും റിപ്പോര്‍ട്ട് തേടും.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story