'പ്രതിപക്ഷത്തെ കുറച്ച് കാണുന്നില്ല'; ളളളത് പോലെ കണ്ടാൽ തൃക്കാക്കരയിൽ ജയം ഉറപ്പെന്ന് മന്ത്രി എം വി ഗോവിന്ദൻ
'ജനാധിപത്യ സമൂഹം എന്നാൽ ഭരണകക്ഷിയും പ്രതിപക്ഷവും ഉണ്ട്'
14 May 2022 7:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കുറച്ചു കാണുന്നില്ലെന്നും കേരളത്തിലെ ഭൂരിപക്ഷ മാധ്യമങ്ങളുടെ പിന്തുണയുളള പ്രതിപക്ഷത്തെ എങ്ങനെ കുറച്ച് കാണാൻ സാധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതിപക്ഷത്തിന്റെ എതിർപ്പിനോടൊപ്പം ആണല്ലോ സർക്കാർ മുന്നോട്ട് പോകുന്നത്. ജനാധിപത്യ സമൂഹം എന്നാൽ ഭരണകക്ഷിയും പ്രതിപക്ഷവും ഉണ്ട്. പ്രതിപക്ഷം അവരുടെ എതിർപ്പുകൾ അറിയിക്കും, സർക്കാർ അതിന് കൃത്യമായ വിശദീകരണങ്ങൾ ജനങ്ങൾക്ക് നൽകികൊണ്ട് മുന്നോട്ട് പോവുകയാണ്. പ്രതിപക്ഷ ഭരണപക്ഷ സംവിധാനങ്ങൾ പരസ്പരം സഹകരിച്ചു കൊണ്ടല്ലെ ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുക. പ്രതിപക്ഷത്തിനെ കുറച്ച് കാണേണ്ട കാര്യമില്ല. ഉളളത് പോലെ കണ്ടാമതി. അങ്ങനെ കണ്ടാൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കും', എന്നും മന്ത്രി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
STORY HIGHLIGHTS: Minister MV Govindan Master said that LDF will win Thrikkakara election