'വഴിമുടക്കികളുണ്ട്, മറുചേരിയിലെത്തിക്കും; സ്വന്തം വകുപ്പിനെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വകുപ്പിന് മുന്നിലെ പ്രധാനപ്പെട്ട വിഷയമാണെന്നും മന്ത്രി ചൂണ്ടികാട്ടി.
14 March 2022 5:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ടൂറിസം വകുപ്പില്‍ വഴിമുടക്കികളുണ്ടെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അവരെ തിരുത്തി വഴി തുറന്നുകൊടുക്കുന്ന ഉദ്യോഗസ്ഥരുടെ ചേരിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ എംഎല്‍എ അന്‍വര്‍ സാദത്ത് ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ വിശദീകരണം.
'വകുപ്പില്‍ രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്. വഴി മുടക്കുന്ന ഉദ്യോഗസ്ഥരും വഴി നന്നായി തുറന്നുവിടുന്ന ഉദ്യോഗസ്ഥരും ഉണ്ട്. അതില്‍ രണ്ടാമത്തെ കൂട്ടരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. വഴി മുടക്കുന്നവരെ തിരുത്തി അല്ലാത്തവരുടെ ചേരിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവും.' മന്ത്രി ഉറപ്പ് നല്കി.
ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വകുപ്പിന് മുന്നിലെ പ്രധാനപ്പെട്ട വിഷയമാണെന്നും മന്ത്രി ചൂണ്ടികാട്ടി. പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തേടുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പുമായി ആദ്യഘട്ട ചര്‍ച്ച നടന്നിരുന്നു. കലാലയങ്ങളില്‍ ടൂറിസം ക്ലബ് രൂപീകരിച്ച് പ്രശ്ന പരിഹാരത്തിന് മാര്ഗമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഡെസ്റ്റിനേഷന്‍ ചാലഞ്ച്' രൂപീകരിക്കും. ഇതിലൂടെ നൂറിലധികം പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം സജ്ജമാകും. ഇതിനായി 60 ശതമാനം തുക ടൂറിസം വകുപ്പും ബാക്കി ത്രിതല പഞ്ചായത്തും വിനിയോഗിക്കും. ഇന്ന് വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ഏറ്റവും അധികം ആളുകള്‍ മധ്യ കേരളത്തിലാണ് ടൂറിസത്തിനായി എത്തുന്നതെന്നും മന്ത്രി പരാമര്‍ശിച്ചു.