'പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി ഓഫീസില്‍ കൈയും കെട്ടിയിരുന്നാല്‍ മതിയോ?' പരിഹസിക്കുന്നവര്‍ക്ക് മന്ത്രി റിയാസിന്റെ മറുപടി
'ജനങ്ങളെ കാണിച്ചുള്ള പരിപാടി മതി ഇവിടെ. കാര്യങ്ങള്‍ എല്ലാം സുതാര്യമാകണം'
29 Nov 2021 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തന്റെ വകുപ്പിന് കീഴിലെ ഗസ്റ്റ് ഹൗസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നടത്തുന്ന മിന്നല്‍ പരിശോധനയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ അത് തുടരട്ടെയെന്നും താന്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമാണെന്നും റിയാസ് വ്യക്തമാക്കി. ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും എന്ത് വിമര്‍ശനമുണ്ടായാലും ജനം ഒപ്പമുണ്ടെന്നുള്ള വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് റിയാസ് പറഞ്ഞത്: ''രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിയുള്ളത് കൊണ്ട് സോഷ്യല്‍മീഡിയ ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. എന്ത് വിമര്‍ശനമുണ്ടായാലും ജനം ഒപ്പമുണ്ടെന്നുള്ള വിശ്വാസമുണ്ട്. സര്‍ക്കാര്‍ നയമാണ് ഞാന്‍ നടപ്പാക്കുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് മന്ത്രി ഓഫീസില്‍ കൈയും കെട്ടിയിരുന്നാല്‍ മതിയോ. വിമര്‍ശനങ്ങള്‍ ഉയരുന്നതിനാല്‍ ഇനി പുറത്തേക്കിറങ്ങുന്നില്ലെന്ന് കരുതിയിരുന്നാല്‍ നാളെ അതിനും വരില്ലേ വിമര്‍ശനം. മന്ത്രിയായിരിക്കുന്നിടത്തോളം മിന്നല്‍ സന്ദര്‍ശനം തുടരും. കഴിഞ്ഞ ആറുമാസത്തിനിടെ എല്ലാ ജില്ലകളിലും ഒട്ടുമിക്ക താലൂക്കുകളിലും സന്ദര്‍ശനം നടത്തി. ഇനിയും സന്ദര്‍ശനം തുടരും. ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലര്‍ ചോദിക്കുന്നത്. ജനങ്ങളെ കാണിച്ചുള്ള പരിപാടി മതി ഇവിടെ. കാര്യങ്ങള്‍ എല്ലാം സുതാര്യമാകണം.''
അതേസമയം, സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ റോഡുകളിലും പരിപാലന കാലാവധി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു. കരാറുകാരന്റെ പേര് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കാലാവധി പൂര്‍ത്തിയാകുന്നതുവരെ പരിപാലനത്തിന്റെ പൂര്‍ണ ചുമതല കരാറുകാരനായിരിക്കും. പരിപാലന കാലാവധി പ്രദര്‍ശിപ്പിക്കുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികളിലുള്‍പ്പെടെ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടപെടാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴ സമയത്തും പൊതുമരാമത്ത് വകുപ്പിന് റോഡ് പണികള്‍ ചെയ്യുന്നതിനുള്ള സാധ്യത സംബന്ധിച്ച് പഠനം നടത്തുമെന്നും മഴ മാറിയാലുടന്‍ റോഡിലെ നിലവിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ പ്രവര്‍ത്തി പരിശോധിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൊതുമാരമത്ത് വകുപ്പ് പരിപാലന വിഭാഗത്തിന്റെയും വിജിലന്‍സ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പരിശോധന സംവിധാനം നടപ്പാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.