Top

'പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍'; ബിജെപിയെ പറയുമ്പോള്‍ പൊള്ളുന്നത് എന്തിനാണെന്ന് മുഹമ്മദ് റിയാസ്

'എല്ലാവരെയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ അവസ്ഥയാണ് വി ഡി സതീശന്റേത്'

16 Aug 2022 7:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍; ബിജെപിയെ പറയുമ്പോള്‍ പൊള്ളുന്നത് എന്തിനാണെന്ന് മുഹമ്മദ് റിയാസ്
X

കാസര്‍കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍. പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേല്‍ കുതിര കയറുന്നതെന്നും റിയാസ് വിമര്‍ശിച്ചു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ല. എല്ലാവരെയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ അവസ്ഥയാണ് വി ഡി സതീശന്റേതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

'കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്‌നം പരിചയക്കുറവാണെന്ന് പറയണം. 21 വര്‍ഷം എംഎല്‍എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവമില്ലെന്നാണോ സതീശന്‍ പറയുന്നത്.'

മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന പരിചയക്കുറവ് അലട്ടുന്നുണ്ടെങ്കില്‍ അത് വേറെ ആരുടെയെങ്കിലും തലയില്‍ വെക്കാന്‍ നോക്കരുത്. ക്രിയാത്മക വിമര്‍ശനം ആര് ഉന്നയിച്ചാലും അത് സ്വീകരിക്കും. ബിജെപിയെ പറയുമ്പോള്‍ വി ഡി സതീശന് പൊള്ളുന്നത് എന്തിനാണെന്നും റിയാസ് ചോദിച്ചു.

Story Highlights: Minister Muhammad Riyas Against VD Satheesan On His Statements

Next Story