Top

'ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്നു സഖാവ്'; പി ബിജുവിനെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

'അന്ന് തല പിളർന്ന് ചോരയിൽ കുളിച്ച ബിജുവിന്റെ ചിത്രം ഇന്നും ജനഹൃദയങ്ങളിൽ മായാതെയുണ്ട്'

4 Nov 2021 8:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്നു സഖാവ്; പി ബിജുവിനെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
X

മുന്‍ ഡിവെെഎഫ്ഐ നേതാവ് പി ബിജുവിനെ അനുസ്മരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സഖാവ് പി ബിജു ഇടതുപക്ഷ പ്രസ്താനത്തിന്റെ പ്രതീക്ഷയായിരുന്നു. കേഡർമാരെ മനസ്സിലാക്കി അവർക്ക് ചുമതല നൽകാനുള്ള പ്രത്യേക കഴിവ് ബിജുവിനുണ്ടായിരുന്നു. സഖാക്കളുടെ മനസില്‍ എന്നും വലിയ സ്ഥാനമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും മന്ത്രി ഓർമ്മകുറിപ്പില്‍ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്:

പി.ബിജുവെന്ന പോരാളി....

2009ലാണ് എസ് എഫ് ഐ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് വെച്ച് നടക്കുന്നത്. പി.ബിജു പ്രസിഡന്റും ഷംസീർ സെക്രട്ടറിയുമായിരുന്നു. സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം ബിജു കോഴിക്കോട്ടുണ്ടായിരുന്നു. സമ്മേളനത്തിന്റെ സംഘാടനത്തിൽ ഡി.വൈ.എഫ്.ഐ ജില്ല പ്രസിടണ്ട് എന്നനിലയിൽ സ്വാഗത സംഘം ഭാരവാഹിയായിരുന്നു ഞാൻ.

സമ്മേളന സംഘാടനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങൾക്കും ഷംസീറും ബിജുവും ജില്ലയിലെ SFl സഖാക്കളെ ബന്ധപ്പെടുന്നതു പോലെ വ്യക്തിപരമായ അടുപ്പമുള്ളത് കൊണ്ട് എന്നെയും നിരന്തരം ബന്ധപ്പെടുമായിരുന്നു.ഈ സമ്മേളനത്തിലാണ് ബിജു എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.

2011ൽ ബിജു സെക്രട്ടറിയായിരിക്കുമ്പോഴാണ് ചരിത്രത്തിൽ ഇടം പിടിച്ച നിർമൽ മാധവ് സമരം കോഴിക്കോട്ട് നടക്കുന്നത്. DYFI യും ആ സമരത്തിൽ പങ്ക് കൊണ്ടിരുന്നു. ബിജുവിന്റെ സംഘാടന മികവ് നേരിട്ട് ബോദ്ധ്യപ്പെട്ട സന്ദർഭങ്ങളായിരുന്നു സംസ്ഥാന സമ്മേളന സംഘാടനവും നിർമ്മൽമാധവ് സമരവും. അന്ന് DYFI ജില്ലാ സെക്രട്ടറി ആയിരുന്ന ഞാനുൾപ്പെടെ നിരവധി സഖാക്കൾ ജയിലിൽ വെച്ചാണ് നിർമൽ മാധവ് സമരത്തിനിടെ ബിജുവിന് പോലീസിന്റെ ക്രൂരമായ മർദ്ദനമേൽക്കുന്ന വാർത്ത അറിയുന്നത് .

ജയിലിലായതു കൊണ്ട് പുറത്തിറങ്ങി പ്രതികരിക്കുവാനാകാത്തതിൽ ഞങ്ങൾ സഖാക്കൾ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. അന്ന് തല പിളർന്ന് ചോരയിൽ കുളിച്ച ബിജുവിന്റെ ചിത്രം ഇന്നും ജനഹൃദയങ്ങളിൽ മായാതെയുണ്ട്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കേന്ദ്രത്തിലേക്ക് സംഘടന പ്രവർത്തനം ചുമതലപ്പെടുത്തിയതോടെ തിരുവനന്തപുരത്തെ പ്രധാന കൂട്ടുകളിലൊന്നായി ബിജു മാറി.

2016 ൽ തിരൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഞാനും ബിജുവും ഷംസീറും ഒരേ മുറിയിലായിരുന്നു നാല് ദിവസം താമസിച്ചത്. വ്യക്തിപരമായ കാര്യങ്ങൾ അന്ന് ഏറെ പങ്ക് വെച്ചത് ഓർമയിൽ എന്നുമുണ്ടാകും.

പിന്നീട് അഖിലേന്ത്യ കേന്ദ്രത്തിലെ പ്രവർത്തനങ്ങളെ കുറിച്ചും യുവജനക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങളെകുറിച്ചും നേരിലോ അല്ലെങ്കിൽ ഫോണിൽ വിളിച്ചോ ഞങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു. ഹഖും മിഥിലജും കൊല്ലപ്പെട്ടപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ ഒരുപാട് സമയം ഞങ്ങളൊരുമിച്ചുണ്ടായിരുന്നു.അവസാനമായി കുറേ നേരം ഞങ്ങൾ സംസാരിച്ചത് അന്നായിരുന്നു.

കേഡർമാരെ മനസ്സിലാക്കി അവർക്ക് ചുമതല നൽകാനുള്ള പ്രത്യേക കഴിവ് ബിജുവിനുണ്ടായിരുന്നു. ബിജുവിന് സഖാക്കളുടെ മനസ്സിൽ വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്. സഖാവ് പി ബിജു ഇടതുപക്ഷ പ്രസ്താനത്തിന്റെ പ്രതീക്ഷയായിരുന്നു.

Next Story