ഹരിത കര്‍മ്മ സേന വീട് 'ഫ്രീ ഗാരേജ്' ആക്കിയെന്ന് യുവതിയുടെ ട്വീറ്റ്; മറുപടിയുമായി മന്ത്രി എം ബി രാജേഷ്
കണ്ണൂര്‍ കുറുമത്തൂരിലെ തന്റെ വീടിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്
25 Jan 2023 9:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഇടമാക്കി തന്റെ വീട് മാറ്റിയെന്ന യുവതിയുടെ പരാതിയില്‍ ഇടപെട്ട് നടപടിയുമായി മന്ത്രി എം ബി രാജേഷ്. ആള്‍താമസമില്ലാത്ത തങ്ങളുടെ കണ്ണൂരിലെ വീട് ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഗാരേജാക്കി മാറ്റിയെന്നായിരുന്നു യുവതിയുടെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് മന്ത്രി യുവതിയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചു.
കണ്ണൂര്‍ കുറുമത്തൂരിലെ തന്റെ വീടിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. ആള്‍താമസമില്ലാത്ത വീടിന്റെ കാര്‍പോര്‍ച്ചില്‍ ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നതും കാണാമായിരുന്നു. 17 വര്‍ഷമായി യുകെയിലാണ് യുവതിയുടെ കുടുംബം താമസിക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന നാട്ടിലെ വീട് കുറച്ച് വര്‍ഷങ്ങളായി ഹരിത കര്‍മ്മ സേന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു. കേരള സര്‍ക്കാരും ഹരിത കര്‍മ സേനയും തന്റെ വീട് 'റെന്റ് ഫ്രീ ഗാരേജ്' ആക്കി മാറ്റിയെന്നും വിമര്‍ശനമുണ്ടായിരുന്നു.
മുഖ്യമന്ത്രി, മന്ത്രി എംബി രാജേഷ്, കുടുംബശ്രീ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു യുവതിയുടെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ വേണ്ട നടപടി സ്വീകരിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ഹരിത കര്‍മ്മ സേന സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയെന്ന് അറിയിച്ച മന്ത്രി ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Story Highlights: Minister MB Rajesh's Take Action To Solve Woman's Complaint