Top

'മാലിന്യപ്ലാന്റിന് എതിരെയല്ല, വേണമെന്നാണ് സമരം ചെയ്യേണ്ടത്'; പത്ത് ഖരമാലിന്യ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് മന്ത്രി

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ നടപടി ഗൗരവത്തോടെ കാണുന്നുവെന്നും ഉത്തരവിനെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

18 March 2023 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാലിന്യപ്ലാന്റിന് എതിരെയല്ല, വേണമെന്നാണ് സമരം ചെയ്യേണ്ടത്; പത്ത് ഖരമാലിന്യ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31നകം പത്ത് ഖരമാലിന്യ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. എതിര്‍പ്പുകളെ ശക്തമായി നേരിടും. മാലിന്യ പ്ലാന്റിന് എതിരെയല്ല ആരും സമരം ചെയ്യണ്ടത്, മാലിന്യ പ്ലാന്റ് വേണം എന്ന് പറഞ്ഞ് വേണം സമരം ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ നടപടി ഗൗരവത്തോടെ കാണുന്നുവെന്നും ഉത്തരവിനെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് വിശദമായി പഠിച്ച ശേഷം ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അപ്പീല്‍ പോകുന്നതില്‍ നഗരസഭ തീരുമാനം എടുക്കട്ടേയെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഒരു ദശകം കൊണ്ട് രൂപപ്പെട്ടിട്ടുള്ള പ്രശ്‌നമാണ് ബ്രഹ്മപുരത്തേത്. ഏതാനും മാസം മുമ്പ് ദേശീയ ഹരിത ട്രിബ്യൂണല്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി 28,000 കോടി പിഴ ചുമത്തിയിരുന്നു, കേരളത്തെ മാത്രം അന്ന് പിഴയില്‍ നിന്ന് ഒഴിവാക്കി. അന്ന് കേരളത്തിന്റെ മാലിന്യ സംസ്‌കരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയായിരുന്നു ഇളവ്.

പ്രശ്‌നപരിഹാരത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. കൊച്ചി കോര്‍പ്പറേഷന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ യുഡിഎഫ് അധികാരത്തിലിരിക്കുന്ന സമയത്ത് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. ഹരിത ട്രിബ്യൂണലിന്റെ നേരത്തെയുള്ള ഉത്തരവ് നടപ്പാക്കുന്നതിനുള്ള അജണ്ട 23 തവണയാണ് കോര്‍പ്പറേഷന്‍ യോഗത്തില്‍ മാറ്റി വച്ചത്. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഹരിത കര്‍മ്മ സേന കേരളത്തിലെ എല്ലാ വീടുകളിലുമെത്തി മാലിന്യം സ്വീകരിക്കുമെന്നും യൂസര്‍ ഫീ ഉറപ്പാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Story Highlights: Minister MB Rajesh's Reaction On National Green Tribunal Order

Next Story