മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കാണും; ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനെന്ന് വിശദീകരണം
ലഹി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണം
21 Sep 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത ഉള്‍പ്പടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം.
രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. ഒരു മാസത്തിന് ശേഷമേ കേരളത്തിലേക്ക് മടങ്ങി വരൂ എന്നാണ് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
അതേസമയം സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. നാല് ബില്ലുകളില്‍ തീരുമാനമായിട്ടില്ല. 11 ബില്ലുകളായിരുന്നു നിയമസഭയില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി എത്തിയത്.
ലോകായുക്ത, സര്‍വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒമ്പത് ബില്ലുകള്‍ക്ക് അനുമതി നല്കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടുണ്ട്.
Story Highlights: Minister MB Rajesh Will Meet Governor Today