Top

'അപകടത്തിന്റെ ദൃശ്യം ഭയാനകമായിരുന്നു'; രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാകാതെ വിങ്ങിപ്പോയെന്ന് മന്ത്രി രാജേഷ്

6 Oct 2022 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപകടത്തിന്റെ ദൃശ്യം ഭയാനകമായിരുന്നു; രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാകാതെ വിങ്ങിപ്പോയെന്ന് മന്ത്രി രാജേഷ്
X

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ദുരന്തമുഖത്ത് പുലർച്ചെ മുതൽ സജീവമായിരുന്ന മന്ത്രി എം ബി രാജേഷ്. മരിച്ചവരൊക്കെ കുട്ടികളും ചെറുപ്പകാരുമായിരുന്നു എന്നത് ദുരന്തത്തിന്റെ വേദന വർധിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. പരുക്കേറ്റവർക്ക് ചികിത്സ നൽകാൻ തൃശൂർ മെഡിക്കൽ കോളേജിലെയും പാലക്കാട് ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർ കൂട്ടായി മികച്ച പ്രവർത്തനം നടത്തി. ഇക്കാര്യത്തിൽ ഡോക്ടർമാരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

'മരിച്ചവരിൽ അഞ്ചു പേർ പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളാണെന്നത് ഏറെ വേദനയുളവാക്കുന്നു. പലരും രക്ഷിതാക്കളുടെ ഏക സന്തതിയാണ്. ഏക മകനും ഏക മകളും നഷ്ടപ്പെട്ട രണ്ട് രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാവാതെ വിങ്ങിപ്പോയി. ആർക്കും ആശ്വസിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല അവരുടെ ദുഃഖം. അമൃതയിൽ പി എച്ച് ഡി ചെയ്യുന്ന ചെറുപ്പക്കാരനാണ് മരിച്ച മറ്റൊരാൾ. അദ്ദേഹത്തിന്റെ സ്വപ്നങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പറഞ്ഞാണ് അമ്മ കരഞ്ഞു കൊണ്ടിരുന്നത്. ഉപരിപഠനത്തിന് അമേരിക്കയിൽ പോകണമെന്ന് ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചിരുന്നു. മരിച്ച രോഹിത് രാജ് എന്ന ചെറുപ്പക്കാരൻ ബാസ്കറ്റ് ബോൾ കളിക്കാരനായിരുന്നു. മരിച്ചവരൊക്കെ കുട്ടികളും ചെറുപ്പകാരുമായിരുന്നു എന്നത് ഈ ദുരന്തത്തിന്റെ വേദന വർധിപ്പിക്കുന്നു. സംഭവം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ശക്തമായ നടപടികൾ ഇതിനകം സ്വീകരിച്ചു. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബഹു. ഗതാഗത വകുപ്പ് മന്ത്രിയും ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അറിയിച്ചിട്ടുണ്ട്,' മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇന്ന് പുലർച്ചെ ഞെട്ടിക്കുന്ന ഒരു ദുരന്ത വാർത്തയിലേക്കാണ് ഗൺമാൻ അരുൺ വിളിച്ചുണർത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വിവരം കിട്ടിയത്. നാലേകാലോടു കൂടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. തരൂർ എം എൽ എ പി. പി. സുമോദും ഒപ്പമുണ്ടായിരുന്നു .പാലക്കാട് കലക്ടർ, എസ് പി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരെ വിളിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മരിച്ച ഒൻപതു പേർ ആരെല്ലാമെന്ന് തിരിച്ചറിയാനുള്ള ഏർപ്പാടുണ്ടാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ആരൊക്കെയെന്ന വിവരം ശേഖരിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള ഏർപ്പാടുകളും ചെയ്തു. ചികിത്സയിലുള്ളവർക്ക് ആവശ്യമായ മറ്റ് സഹായങ്ങൾ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തി.വിവരമറിഞ്ഞ് ബഹു. മന്ത്രി കെ. രാധാകൃഷ്ണൻ പുലർച്ചെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേർന്നു. മന്ത്രിമാരായ ശ്രീ. കെ. രാജൻ, ശ്രീ.വി. ശിവൻകുട്ടി, ശ്രീ.ആന്റണി രാജു, ശ്രീമതി.വീണ ജോർജ് എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.

പോസ്റ്റുമോർട്ടം വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. ഇക്കാര്യത്തിലും പരിക്കേറ്റവർക്ക് യഥാസമയം വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിലും ബഹു. മന്ത്രി വീണ ജോർജിന്റെ ഇടപെടൽ സഹായിച്ചു. മന്ത്രി രാധാകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ നിന്ന് പരിക്കേറ്റവരുടെ ചികിത്സയും മറ്റ് കാര്യങ്ങളും എകോപിപ്പിച്ചു. ഞാൻ പാലക്കാട്ടേക്ക് പോയി അപകടം നടന്ന സ്ഥലം സന്ദർശിച്ചു. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനെ ഇടിച്ചു തകർത്ത് വീണ്ടും മുന്നോട്ടു പോയാണ് മറിഞ്ഞത്. ടൂറിസ്റ്റ് ബസ് എത്ര വേഗത്തിലായിരുന്നുവെന്ന് അതിൽ നിന്നു തന്നെ ഊഹിക്കാം. കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് തുളച്ചുകയറി ടൂറിസ്റ്റ് ബസിന്റെ പകുതിയും കടന്നു നിൽക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യം ഭയാനകമായിരുന്നു. ആ ദൃശ്യം കണ്ടാൽ, മരിച്ചവരെക്കുറിച്ചുള്ള കഠിനമായ ദുഃഖത്തിനിടയിലും മരണ സംഖ്യ ഒൻപതിലൊതുങ്ങിയത് ആശ്വാസമെന്നു തോന്നും. മൂന്ന് മൃതശരീരങ്ങൾ ബസിനടിയിലായിരുന്നു.

മരിച്ചവരിൽ അഞ്ചു പേർ പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളാണെന്നത് ഏറെ വേദനയുളവാക്കുന്നു. പലരും രക്ഷിതാക്കളുടെ ഏക സന്തതിയാണ്. ഏക മകനും ഏക മകളും നഷ്ടപ്പെട്ട രണ്ട് രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാവാതെ വിങ്ങിപ്പോയി. ആർക്കും ആശ്വസിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നില്ല അവരുടെ ദുഃഖം. അമൃതയിൽ പി എച്ച് ഡി ചെയ്യുന്ന ചെറുപ്പക്കാരനാണ് മരിച്ച മറ്റൊരാൾ. അദ്ദേഹത്തിന്റെ സ്വപ്നങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പറഞ്ഞാണ് അമ്മ കരഞ്ഞു കൊണ്ടിരുന്നത്. ഉപരിപഠനത്തിന് അമേരിക്കയിൽ പോകണമെന്ന് ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചിരുന്നു. മരിച്ച രോഹിത് രാജ് എന്ന ചെറുപ്പക്കാരൻ ബാസ്കറ്റ് ബോൾ കളിക്കാരനായിരുന്നു. മരിച്ചവരൊക്കെ കുട്ടികളും ചെറുപ്പകാരുമായിരുന്നു എന്നത് ഈ ദുരന്തത്തിന്റെ വേദന വർധിപ്പിക്കുന്നു. സംഭവം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ശക്തമായ നടപടികൾ ഇതിനകം സ്വീകരിച്ചു. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബഹു. ഗതാഗത വകുപ്പ് മന്ത്രിയും ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അറിയിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്തു നിന്ന്, പോസ്റ്റുമോർട്ടം നടത്തുന്ന ആലത്തൂർ താലൂക്കാശുപത്രിയിലെത്തി. പാലക്കാട് ജില്ലാ ആശുപത്രിയും സന്ദർശിച്ചു. മുൻ മന്ത്രി എ കെ ബാലനും എത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിവരമറിഞ്ഞ് രാത്രി തന്നെ കൂട്ടായി പരിക്കേറ്റവർക്ക് ചികിത്സ നൽകാനുള്ള മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇക്കാര്യത്തിൽ സൂപ്രണ്ടിനെയും ഡോക്ടർമാരെയും പ്രത്യേകം അഭിനന്ദിക്കുന്നു. പോസ്റ്റുമോർട്ടം നടപടികൾ വേഗം പൂർത്തീകരിക്കാൻ കഴിഞ്ഞു. 11.30 ഓടെ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന മുളന്തുരുത്തി സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകൻ എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. മരിച്ച കെ എസ് ആർടിസി ബസ് യാത്രക്കാരന്റെ ബന്ധുക്കൾ എത്താൻ അൽപം വൈകിയതുകൊണ്ട് ആ പോസ്റ്റുമോർട്ടം രണ്ട് മണിയോടെയാണ് പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തത്. അപകട വിവരം അറിഞ്ഞയുടൻ തന്നെ പാലക്കാട്‌ ജില്ലാ കളക്ടർ ശ്രീമതി. മൃണ്മയി ജോഷി സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകി.പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ദ്രുതഗതിയിൽ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. ദുരന്തവാർത്തയറിഞ്ഞയുടൻ പ്രതിഫലേച്ഛയില്ലാതെ ഓടിയെത്തിയ ആംബുലൻസ് ഡ്രൈവർമാരുടെ സേവനത്തെയും പ്രത്യേകം വിലമതിക്കുന്നു. പരിചയ സമ്പന്നനായ ഡോ. ഗുജ്റാളിന്റെ നേതൃത്വത്തിൽ പാലക്കാട്ടെയും ആലത്തൂരിലെയും ഡോക്ടർമാരുടെ സേവനവും എടുത്തു പറയേണ്ടതാണ്. പ്രവർത്തനങ്ങൾ ഫലപ്രദമായി എകോപിപ്പിച്ച ഡി എം ഒ ഡോ.കെ പി റീത്തയേയും എ ഡി എം മണികണ്ഠനെയും ആരോഗ്യ -റവന്യു വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ജനപ്രതിനിധികളായ ശ്രീ.സേവ്യർ ചിറ്റിലപ്പിള്ളി, ശ്രീ ഷാഫി പറമ്പിൽ, ശ്രീ വി കെ ശ്രീകണ്ഠൻ എന്നിവരും വിവിധ ആശുപത്രികളിൽ എത്തിച്ചേർന്നിരുന്നു. ബഹു. ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ വൈകിട്ട് എന്നെ ഫോണിൽ വിളിച്ച് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ആരാഞ്ഞിരുന്നു. അപകടത്തിൽ നടുക്കവും ദുഃഖവും പങ്കു വെച്ചു. ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. നമ്മെ വിട്ടു പിരിഞ്ഞവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

STORY HIGHLIGHTS: Minister mb Rajesh response about Vadakkencherry road accident

Next Story