'പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്പാദനത്തില് വലിയ മുന്നേറ്റമുണ്ടാക്കണം'; സ്വകാര്യവല്കരണം ചെറുക്കണമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
385 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ കേരളത്തിൽ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നുണ്ട്
21 Oct 2022 1:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: പുരപ്പുറ സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. തൃശൂർ മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പാപ്സ്കോ എൽഇഡി, പാപ്സ്കോ സോളാർ, ഊർജ്ജ മിത്ര അക്ഷയ ഊർജ്ജ സേവന കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ അഡ്മിനിട്രേറ്റീവ് ഓഫീസും, മാർക്കറ്റിംഗ് ഡിവിഷൻ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കേരളം. 385 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ കേരളത്തിൽ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 341ഉം സൗരോർജ്ജമാണ്. 60 വൈദ്യുത ഉൽപ്പാദന പ്രൊജക്റ്റുകൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. കാർഷിക മേഖലയിലും സോളാറിന് വലിയ നേട്ടം കൈവരിക്കാൻ കഴിയും. കുടുംബശ്രീ പ്രവർത്തകർക്ക് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കുന്ന യൂണിറ്റ് തുടങ്ങുകയാണെങ്കിൽ കാർഷിക രീതിയിലുള്ള വൈദ്യുതി ചാർജ്ജായിരിക്കും ഈടാക്കുക. വൈദ്യുത മേഖലയെ സ്വകാര്യ വൽക്കരിക്കുന്നതിനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ആദരവും മന്ത്രി നിർവ്വഹിച്ചു. ഇടിടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
STORY HIGHLIGHTS: Minister Krishnankutty about Purappuram in solar power generation