Top

കാറിന്റെ ടയര്‍ ഊരിത്തെറിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി; അപകടകാരണം കാലപ്പഴക്കമെന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്

വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെങ്കിലും വേഗത കുറവായതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

16 April 2022 7:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാറിന്റെ ടയര്‍ ഊരിത്തെറിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി; അപകടകാരണം കാലപ്പഴക്കമെന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സഞ്ചരിച്ചുകൊണ്ടിരിക്കെ മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയര്‍ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. എന്നാല്‍, അപകടത്തില്‍ നിന്നും മന്ത്രി അദ്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെങ്കിലും വേഗത കുറവായതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപത്തുവെച്ചായിരുന്നു കാറിന് കേടുപാട് പറ്റിയത്. ഔദ്യോഗിക കാറിന്റെ ടയര്‍ ഡിസ്‌കോടെയായിരുന്നു ഊരിപ്പോയത്. 20 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടയര്‍ പൊട്ടിത്തെറിക്കുമ്പോള്‍ മന്ത്രിയുടെ വാഹനം സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇതിനാലാണ് വാഹനം മറിയാതെ രക്ഷപ്പെട്ടത്.

സംഭവത്തെക്കുറിച്ച് ധനവകുപ്പ് ടൂറിസം വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിവരം പുറത്ത് വന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ചുമതല ടൂറിസം വകുപ്പിനാണ്. വാഹനത്തിന്റെ കാലപ്പഴക്കമാണ് ടയര്‍ ഡിസ്‌ക്കോടെ ഊരിത്തെറിക്കാന്‍ കാരണമെന്ന് ധനവകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയതാണ് ഇപ്പോള്‍ മന്ത്രി സഞ്ചരിക്കുന്ന കാര്‍. പുതിയ വാഹനം വാങ്ങാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം മന്ത്രിക്ക് ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ ധനസ്ഥിതി കണക്കിലെടുത്ത് പുതിയ വാഹനം വാങ്ങേണ്ടെന്ന് നിലപാട് മന്ത്രി സ്വീകരിക്കുകയായിരുന്നു.

STORY HIGHLIGHTS: Minister KN Balagopal barely escaped from accident after car tyre blown out

Next Story