Top

കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ

കഴിഞ്ഞ പ്രളയ കാലത്ത് പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

8 July 2022 2:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ
X

തിരുവനന്തപുരം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. 3071 കെട്ടിടങ്ങള്‍ പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാവാനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മഴക്കാല തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കലക്ടര്‍മാരുടെ ഓൺലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സംസ്ഥാനത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങൾ ഉൾപ്പടെ 69 പേരുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25000 രൂപ അഡ്വാൻസായി നല്‍കാൻ പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് ഒടുവിൽ കിട്ടിയ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 10 വരെയും കർണാടക തീരത്ത് 12 വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് 3.4 മീറ്റർ ഉയരത്തിൽ തിരമാലക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ജില്ല - താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് ടീമിനെ പുതുക്കി നിശ്ചയിച്ചു. അവർക്കുള്ള പരിശീലനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം തീരുമാനിച്ചു. എല്ലാ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലകളിൽ ചേർന്ന യോഗം സംബന്ധിച്ചുള്ള വിശദാംശങ്ങളും മന്ത്രി വിലയിരുത്തി. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. യോഗത്തിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാ കലക്ടർമാർ, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ കെ എസ് പരീത് തുടങ്ങിയവർ പങ്കെടുത്തു.

STORY HIGHLIGHTS: Minister K Rajan Said That the State is Ready to Face the Monsoon Disasters

Next Story