Top

'മഴ, മഞ്ഞ്, 56 കിലോമീറ്റര്‍ ബോട്ടിലും ഒരു മണിക്കൂര്‍ കാട്ടിലൂടെയും'; മന്ത്രി രാധാകൃഷ്ണന്റെ 'സാഹസികയാത്ര' ചരിത്രം

'മണിയാശാനോടുള്ള പ്രത്യേക നന്ദിയും അരേക്കാപ്പുകാര്‍ സൂചിപ്പിച്ചു'

14 Nov 2021 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴ, മഞ്ഞ്, 56 കിലോമീറ്റര്‍ ബോട്ടിലും ഒരു മണിക്കൂര്‍ കാട്ടിലൂടെയും; മന്ത്രി രാധാകൃഷ്ണന്റെ സാഹസികയാത്ര ചരിത്രം
X

അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയിലെത്തിയ ആദ്യമായി ജനപ്രതിനിധിയായി മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞദിവസത്തെ കനത്ത മഴയും മഞ്ഞും വകവയ്ക്കാതെയാണ് മന്ത്രിയും കലക്ടറും അടങ്ങിയ സംഘം അരേകാപ്പ് കോളനിയില്‍ എത്തിയത്. കോളനി നിവാസികളുടെ യാത്രാസൗകര്യം, ചികില്‍സാ സൗകര്യങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലത്തു പോലും ഒരു ജനപ്രതിനിധികള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍ക്കാടാണ് അരേക്കാപ്പ്. മന്നാന്‍, മുതുവാന്‍ വര്‍ഗത്തില്‍പ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തര്‍ക്കും 7 മുതല്‍ 12 വരെ ഏക്കര്‍ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നല്‍കിയതാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് പതിവ്. യാത്രാ സൗകര്യമാണ് ഇവരുടെ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നം. ഇതിനായി കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപീകരണ പ്രവൃത്തികള്‍ക്ക് മന്ത്രി കെ രാധാകൃഷ്ണന്‍ തുടക്കം കുറിച്ചു.

അരേക്കാപ്പ് യാത്രയെക്കുറിച്ച് മന്ത്രി പറഞ്ഞത് ഇങ്ങനെ: കനത്ത മഴ, മഞ്ഞ്,ഒരു വശത്തേക്ക് മാത്രം 28 കിലോമീറ്റര്‍ ഡാം റിസര്‍വോയറിലൂടെയുള്ള യാത്ര... തുടര്‍ന്ന് ഒരു മണിക്കൂര്‍ കാട്ടിലൂടെ നടത്തം. രാവിലെ ഏഴിന് ഇടമലയാറ്റിലെത്തിയപ്പോള്‍ സുരക്ഷയുടെ പേരില്‍ പൊലീസ് പറയുന്നു ...യാത്ര ഒഴിവാക്കുന്നതാകും ഉചിതം. എന്തു ചെയ്യും...അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയിലേക്ക് ഇതുവരെ ഒരു ജനപ്രതിനിധിയും പോയിട്ടില്ലല്ലോ... മഴയൊക്കെ മാറി... എല്ലാം ശരിയാകുമെന്നേ... നമുക്കങ്ങ് പോകാം..... എം എല്‍ എ സനീഷ്‌കുമാര്‍ ജോസഫിനും കലക്ടര്‍ ഹരിത വി. കുമാറിനും മറിച്ചൊരഭിപ്രായമില്ല.

മന്നാന്‍, മുതുവാന്‍ വര്‍ഗത്തില്‍പ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തര്‍ക്കും 7 മുതല്‍ 12 വരെ ഏക്കര്‍ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നല്‍കിയിട്ടുണ്ട്. കൃഷിയും ഇടമലയാര്‍ അണക്കെട്ടിലെ മീന്‍ പിടിത്തവുമായി അവര്‍ കഴിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് പതിവെന്ന് സ്ഥലവാസിയായ ഒരാള്‍ സൂചിപ്പിച്ചു. ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കനകം വിളയുന്ന മണ്ണാണ്. കുരുമുളകും റബറും കമുകു മൊക്കെ സമൃദ്ധമായി വിളയുന്നു. മലഞ്ചെരുവുകളില്‍ നിന്നും ഹോസിലൂടെ ജലം സുലഭമായി കിട്ടുന്നു..

യാത്രാസൗകര്യം... അതാണ് അടിയന്തിരമായി പരിഹരിക്കേണ്ടത്. പിന്നെ കമ്യൂണിറ്റി ഹാള്‍, മൊബൈല്‍ നെറ്റ് വര്‍ക്ക്, ചികില്‍സാ സൗകര്യം.....എല്ലാം പരിഹരിക്കണം. ഒറ്റയടിപ്പാതയിലൂടെ ചാക്കു കട്ടിലില്‍ കിടത്തി ആശുപത്രിയിലെത്തിച്ച രോഗികള്‍ പലരും മരിച്ച കാര്യം പറഞ്ഞ് ഉറ്റവര്‍ വിതുമ്പി. പിന്നെ ഒരു കാര്യം സന്തോഷത്തോടെ പറയാം. എല്ലാ വീട്ടിലും വൈദ്യുതി പ്രകാശം. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ കാലത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഗുണഫലം. മണിയാശാനോടുള്ള പ്രത്യേക നന്ദിയും അരേക്കാപ്പുകാര്‍ സൂചിപ്പിച്ചു. ഇവരില്‍ പലരുടെയും മാതാപിതാക്കള്‍ ഇടുക്കിയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ്. രാവിലെ എട്ടരയോടെ എത്തി ഒരു പകല്‍ അരേക്കാപ്പിലെ ഓരോരുത്തരെയും കണ്ട് മടങ്ങുമ്പോള്‍ സമയം മൂന്നര. . ഇതിനിടെ കപ്പയും കാച്ചിലും പുഴ മീന്‍ കറിയും അവര്‍ സ്‌നേഹത്തോടെ വിളമ്പിയത് കഴിച്ചു. കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപീകരണ പ്രവത്തിക്കും തുടക്കം കുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂര്‍ ഡി എഫ് ഒ രവികുമാര്‍ മീണ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ആറോടെ ഇടമലയാറ്റിലെത്തിയപ്പോള്‍ അരേക്കാപ്പില്‍ നിന്നും വന്ന് ഇടമലയാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിയുന്നവരെ കണ്ട് മടങ്ങി പോകണമെന്നും അഭ്യര്‍ത്ഥിച്ചു. ഇവര്‍ ഇവിടെ കഴിയുന്നതു കൊണ്ട് 40 ആദിവാസി കുട്ടികളുടെ പഠന സൗകര്യങ്ങള്‍ കുറയുന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അരേക്കാപ്പുകാര്‍ക്ക് വഴി വേണം. അത് സാധ്യമാക്കുന്നതിനുള്ള ആദ്യ ചുവടുകളാണ് ഈ യാത്ര. അതിനിയും തുടരും.....പ്രതികൂല കാലാവസ്ഥയിലും കൈ പിടിച്ച് സംരക്ഷിച്ച ഊരുമൂപ്പന്‍ സന്തോഷ്, വിജയന്‍, ജയന്‍, 'നാട്ടുവൈദ്യന്‍ ഗോപി തുടങ്ങിയവര്‍ക്കെല്ലാം നന്ദി പറയുന്നു. ഒപ്പം കൂടെയുണ്ടായിരുന്ന മറ്റെല്ലാവര്‍ക്കെല്ലാം നന്ദി....


Next Story